മോഹൻലാൽ – ലിജോ ജോസ് പല്ലിശ്ശേരി ചിത്രത്തിന്റെ ടൈറ്റിൽ ഡിസംബർ 23 ന്

 

 

 

ഒക്ടോബർ 25 നാണ് ഏറെ നാളത്തെ കാത്തിരിപ്പുകൾക്ക് ഒടുവിൽ മോഹൻലാൽ – ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.ജോൺ ആൻഡ് മേരി ക്രിയേറ്റീവ്, മാക്സ് ലാബ്സ്, സെഞ്ചുറി ഫിലിംസ് എന്നിവയുടെ ബാനറിൽ ഷിബു ബേബി ജോൺ നിർമ്മിക്കുന്ന, ആദ്യമായി മോഹൻലാലിനെ കേന്ദ്രകഥാപാത്രമാക്കി ലിജോ ജോസ് പല്ലിശ്ശേരി ഒരുക്കുന്ന ഈ ചിത്രം വളരെ ആകാംക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.

മോഹൻലാലിന്റെ  ജീത്തു ജോസഫ് ചിത്രം റാമിന്റെ ചിത്രീകരണത്തിന് ശേഷമാകും മോഹൻലാൽ ലിജോയുടെ സിനിമയിൽ എത്തുക. 2023 ഓടെ സിനിമയുടെ ചിത്രീകരണം ആരംഭിച്ചേക്കും .ചെമ്പോത്ത് സൈമൺ എന്നായിരിക്കും  സിനിമയുടെ പേരെന്നാണ് റിപ്പോർട്ടുകൾ. ചിത്രം പീരിയോഡിക് ഡ്രാമയാണെന്നും മോഹൻലാൽ ഒരു ഗുസ്തിതാരമായാണ് എത്തുന്നതെന്നും സോഷ്യൽ മീഡിയയിൽ സ്ഥരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.

ഏറ്റവും അവസാനമായി മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി നൻപകൽ നേരത്ത് മയക്കം എന്ന സിനിമയാണ് ലിജോ ഒരുക്കിയത്.പുലിമുരുകന് ശേഷം വൈശാഖ് ഉദയകൃഷ്ണ കൂട്ടുകെട്ട് ചിത്രമായ മോൺസ്റ്ററാണ് മോഹൻലാലിന്റെ ഏറ്റവും അവസാനമായി തിയറ്ററുകളിൽ എത്തിയത്.

ജോൺ ആൻഡ് മേരി ക്രീയേറ്റീവിന്റെ ഫേസ്‌ബുക്ക് കുറിപ്പ് 

“”ഒരു രാത്രി ഇരുട്ടി വെളുക്കുമ്പോൾ ഉണ്ടായതല്ല  റോമാ സാമ്രാജ്യം. മനുഷ്യന്റെ കഠിനധ്വാനത്തിന്റെ,പോരാട്ടങ്ങളുടെ ശ്രമഫലമാണ് ഓരോ വിജയവും. രണ്ടു മാസങ്ങൾക്കു മുൻപ് മലയാളക്കര ആഘോഷിച്ച മോഹൻലാൽ ലിജോ ജോസ്  കൂട്ടുക്കെട്ടിലുള്ള ചിത്രത്തിന്റെ വിശേഷങ്ങൾ അറിയാൻ പലരും അക്ഷമരായി  കാത്തിരിക്കുകയാണ് എന്നറിയാം..ഒരു രാത്രി കൊണ്ടോ ഒരാഴ്ച കൊണ്ടോ കനവിൽ നെയ്യുന്ന സ്വപ്നമല്ല സിനിമ. ദിവസങ്ങളുടെ ചിലപ്പോൾ വർഷങ്ങളുടെ ശ്രമഫലമാണ് നമ്മളീ കാണുന്ന സിനിമ .പ്രതിഭയും പ്രതിഭാസവും ഒന്നാകുമ്പോൾ പ്രേക്ഷകരുടെ പ്രതീക്ഷയുടെ ഭാരം എത്രത്തോളമുണ്ടെന്ന പൂർണ ബോധ്യത്തിൽ ഞങ്ങളിവിടെ തുടക്കം കുറിക്കുകയാണ്.

അണിയറയിൽ  തകൃതിയായി വേണ്ട ചേരുവകൾ കൂട്ടിയും കുറച്ചും പാകമാക്കി കൊണ്ടിരിക്കുന്നു. പ്രകൃതിയും മനുഷ്യരും ഒരുപോലെ കുളിരുന്ന ഈ ക്രിസ്മസ് നാളുകളിൽ ആകാംക്ഷയുടെ ആദ്യ സമ്മാനപൊതി പൊട്ടിക്കാൻ ഞങ്ങളെത്തുന്നു.കാത്തിരിപ്പിന് വിരാമമിടാം,ചോദ്യങ്ങളും ആശങ്കകളുമില്ലാത്ത ആ ഉത്തരത്തിനായി കുറച്ചു മണിക്കൂറുകൾ കൂടി ക്ഷമയോടെ കാത്തിരിക്കുക. “”