ഡിടിപി സെന്ററില്‍ പോയാല്‍ ആരുടെ പേരിലും വ്യാജലെറ്റര്‍ പാഡ് ഉണ്ടാക്കാം, പാർട്ടി അന്വേഷിക്കുമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍

തിരുവനന്തപുരം: മേയര്‍ ആര്യാ രാജേന്ദ്രന്‍ സിപിഎം ജില്ലാ സെക്രട്ടറിയ്ക്ക് അയച്ചു എന്ന പേരില്‍ പ്രചരിക്കുന്ന കത്ത് വ്യാജമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ പി കെ രാജു. വാര്‍ത്താ മാധ്യമത്തോട് സംവദിക്കവേയായിരുന്നു ഡെപ്യൂട്ടി മേയര്‍ വിഷയത്തില്‍ പ്രതികരണമറിയിച്ചത്. മേയറുടെ പേരില്‍ പ്രചരിക്കുന്ന കത്ത് വ്യാജമാണെന്നും ഏതെങ്കിലും ഡിടിപി സെന്ററില്‍ പോയാല്‍ ആരുടെ പേരിലും ലെറ്റര്‍പാഡ് ഉണ്ടാക്കാമെന്നും അദ്ദേഹം പറഞ്ഞു.

നിയമന വിവാദവുമായി ബന്ധപ്പെട്ട കത്തിന്റെ സീരിയല്‍ നമ്പരിലും ഒപ്പിലും വ്യക്തതയില്ലെന്നും സ്വന്തം നിലയിലും പാര്‍ട്ടി നിലയിലും അന്വേഷണം നടത്തുമെന്നായിരുന്നു മേയര്‍ നല്‍കിയ വിശദീകരണം. വിഷയത്തില്‍ പൊലീസില്‍ പരാതിപ്പെടുമെന്നും മേയര്‍ അറിയിച്ചു.

295 ഒഴിവുകളില്‍ നിയമിക്കപ്പെടുന്നതിനായി പാര്‍ട്ടിക്കാരുടെ മുന്‍ഗണന ലിസ്‌റ്റ് ലഭ്യമാക്കണമെന്നാവശ്യപ്പെട്ടാണ് ആനാവൂര്‍ നാഗപ്പന് മേയര്‍ കത്തയച്ചത്. മേയറുടെ ഔദ്യോഗിക ലെറ്റര്‍ പാഡില്‍ ഈ മാസം ഒന്നിനാണ് കത്തയച്ചിരിക്കുന്നത്. ‘സഖാവേ’ എന്ന് അഭിസംബോധന ചെയ്‌തുള്ള കത്തില്‍ ഒഴിവുകളുടെ വിശദവിവരം നല്‍കിയശേഷം ഇതിലേക്ക് ഉദ്യോഗാര്‍ത്ഥികളുടെ മുന്‍ഗണനാ പട്ടിക നല്‍കണമെന്ന് ‘അഭ്യര്‍ത്ഥിക്കുന്നു’. അപേക്ഷിക്കേണ്ടതെങ്ങനെ, അവസാന തീയതി എന്നിവയും മേയര്‍ ഒപ്പിട്ട കത്തിലുണ്ട്.

എന്നാല്‍ താന്‍ ഇത്തരത്തിലൊരു കത്തിനെ കുറിച്ച്‌ അറിഞ്ഞിട്ടില്ലെന്ന തരത്തിലായിരുന്നു ആര്യയുടെ പ്രതികരണം. ഡിവൈഎഫ്‌ഐയുടെ പാര്‍ലമെന്റ് മാര്‍ച്ചുമായി ബന്ധപ്പെട്ട് ഡല്‍ഹിയിലായിരുന്നുവെന്നും, പാര്‍ട്ടിയുമായി ആലോചിച്ച്‌ പ്രതികരിക്കാമെന്നുമാണ് മേയറുടെ മറുപടി. കത്ത് കിട്ടിയിട്ടില്ലെന്നും, പരിശോധിക്കാമെന്നും ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനും പ്രതികരിച്ചിട്ടുണ്ട്. മേയര്‍ കോഴിക്കോടാണ്. വിളിച്ചിട്ട് കിട്ടിയിട്ടില്ലെന്നായിരുന്നു ആനാവൂരിന്റെ വിശദീകരണം.