മെല്‍ബണ്‍: ടി20 ലോകകപ്പില്‍ ഗ്രൂപ്പ് ഒന്നിലെ സൂപ്പര്‍ 12 പോരാട്ടങ്ങള്‍ അവസാനിച്ചപ്പോള്‍ ആതിഥേയരായ ഓസ്ട്രേലിയ സെമി കാണാതെ പുറത്ത്. ഗ്രൂപ്പ് ഒന്നിൽ നിന്നും സെമിയിലേക്ക് മുന്നേറിയത് ന്യൂസിലന്‍ഡും ഇംഗ്ലണ്ടുമാണ്. സൂപ്പര്‍ 12ലെ അവസാന മത്സരത്തില്‍ ശ്രീലങ്കക്കെതിരെ തകർപ്പൻ ജയവുമായി ഇംഗ്ലണ്ട് ഏഴ് പോയിന്‍റുമായി ഗ്രൂപ്പ് ഒന്നില്‍ നിന്ന് സെമിയിലെത്തുന്ന രണ്ടാമത്തെ ടീമായപ്പോള്‍ നിലവിലെ ചാമ്പ്യന്‍മാരും ആതിഥേയരുമായ ഓസ്ട്രേലിയ മോശം നെറ്റ് റണ്‍റേറ്റില്‍ സെമി കാണാതെ പുറത്തായി. ന്യൂസിലന്‍ഡാണ് ഗ്രൂപ്പ് ചാമ്പ്യന്‍മാരായി ഇംഗ്ലണ്ടിനൊപ്പം സെമിയിലേക്ക് മുന്നേറിയത്.
ടി20 ലോകകപ്പിലെ ഫൈനലിസ്റ്റകളെക്കുറിച്ചുള്ള ഓസ്ട്രേലിയന്‍ മുന്‍ നായകന്‍ റിക്കി പോണ്ടിംഗിന്‍റെ പ്രവചനമാണ് ഇതോടെ പാളിയത്. ടി20 ലോകകപ്പില്‍ ഇന്ത്യയും ഓസ്ട്രേലിയയും ഫൈനലിലെത്തുമെന്നായിരുന്നു ഐസിസി പ്രതിമാസ വിശകലനത്തില്‍ കഴിഞ്ഞ ദിവസം പോണ്ടിംഗ് പറഞ്ഞത്. ദക്ഷിണാഫ്രിക്ക അപകടകാരികളാണെങ്കിലും ഇന്ത്യയും ഓസ്ട്രേലിയയും ഫൈനല്‍ കളിക്കുമെന്ന് പോണ്ടിംഗ് പ്രവചിച്ചിരുന്നു.
ഗ്രൂപ്പ് രണ്ടില്‍ നിന്ന് ഏറെക്കുറെ സെമി ഉറപ്പിച്ച ഇന്ത്യ ഫൈനലിലെത്തുമോ എന്നറിയാനാണ് ഇനി ആരാധകര്‍ കാത്തിരിക്കുന്നത്. പോയിന്റ് പട്ടികയില്‍ നിലവില്‍ ആറ് പോയിന്‍റുമായി ഇന്ത്യയാണ് മുന്നിലുള്ളതെങ്കിലും ഇന്ന് നടക്കുന്ന സൂപ്പര്‍ 12ലെ അവസാന റൗണ്ട് പോരാട്ടങ്ങള്‍ ഇന്ത്യക്കൊപ്പം ദക്ഷിണാഫ്രിക്കക്കും പാകിസ്ഥാനും ബംഗ്ലാദേശിനും നിര്‍ണായകമാണ്.
ഗ്രൂപ്പ് രണ്ടില്‍ നിന്ന് സെമിയിലെത്തണമെങ്കില്‍ ഇന്ത്യക്ക് സിംബാബ്‌വെയുമായുള്ള അവസാന മത്സരം നിര്‍ണായകമാണ്. ഇന്ന് സിംബാബ്‌വെയെ തോല്‍പ്പിച്ചാല്‍ ഇന്ത്യക്ക് ഗ്രൂപ്പ് ചാമ്പ്യന്‍മാരായി സെമിയിലെത്താം. ഗ്രൂപ്പ് രണ്ടില്‍ ഇന്ത്യക്കും ദക്ഷിണാഫ്രിക്കക്കുമൊപ്പം പാകിസ്ഥാനും ബംഗ്ലാദേശിനും സെമിയിലെത്താന്‍ നേരിയ സാധ്യത അവശേഷിക്കുന്നുണ്ട്.