വയനാട്ടിൽ അയൽവാസിയുടെ വെട്ടേറ്റ നാലുവയസുകാരൻ മരിച്ചു; പിതാവിന്റെ സുഹൃത്ത് പിടിയിൽ

കൽപറ്റ∙ വയനാട് മേപ്പാടിയിൽ അയൽവാസിയുടെ വെട്ടേറ്റ നാലുവയസുകാരൻ മരിച്ചു. മേപ്പാടി നെടുമ്പാല പാറയ്ക്കൽ ജയപ്രകാശിന്റെ മകൻ ആദിദേവാണ് മരിച്ചത്. വ്യാഴാഴ്‌ച രാവിലെ ഒൻപതിനാണ് അയൽവാസി ജിതേഷ്, ജയപ്രകാശിന്റെ ഭാര്യ അനിലയെയും മകൻ ആദിദേവിനെയും വെട്ടിയത്. അനില അങ്കണവാടിയിലേക്കു കുഞ്ഞുമായി പോകുമ്പോഴായിരുന്നു ആക്രമണമെന്നു പൊലീസ് പറയുന്നു.

മേപ്പാടി പള്ളിക്കവലയിൽ വച്ചായിരുന്നു സംഭവം നടന്നത്. ജയപ്രകാശിന്റെ ഭാര്യയ്ക്കും ഗുരുതരമായി പരുക്കേറ്റിരുന്നു. കൈകൾക്കും തലയ്ക്കുമാണു പരുക്ക്. തലയ്ക്കും ഇടതുചെവിയുടെ ഭാഗത്തും വെട്ടേറ്റ ആദിദേവ് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നുനാട്ടുകാരാണ് ഇരുവരെയും ആശുപത്രിയിൽ എത്തിച്ചത്. ജിതേഷിനെ അന്നുതന്നെ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. ജയപ്രകാശും പ്രതിയും തമ്മിൽ ചില ബിസിനസ് ഇടപാടുകൾ ഉണ്ടായിരുന്നുവെന്നും ഇതിനെ തുടർന്നു പ്രശ്‍നങ്ങൾ നിലനിന്നിരുന്നുവെന്നാണ് റിപ്പോർട്ട്. വ്യക്‌തിവൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നു പൊലീസ് പറയുന്നു. അനിലയെയും ആദിദേവിനെയും വെട്ടിയതിനു ശേഷം ജിതേഷ് ഉപേക്ഷിച്ച വാക്കത്തിയും പോലീസ് കണ്ടെടുത്തിരുന്നു.