കൊച്ചി തുറമുഖത്തിന്റെ മുഖച്ഛായ മാറ്റാനൊരുങ്ങി കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയം. കൊച്ചി തുറമുഖത്ത് വലിയ കപ്പലുകൾക്ക് അടുക്കുന്നതിനായി ആഴം വർദ്ധിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. സാഗർമാല പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പ്രവർത്തനങ്ങൾ വിപുലീകരിക്കുക. പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി 380 കോടി രൂപയാണ് ചിലവഴിക്കുക.
ഇന്ത്യയുടെ ട്രാൻസ്- ഷിപ്പ്മെന്റ് ഹബ്ബായി കൊച്ചി തുറമുഖത്തെ മാറ്റുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. ഇതോടെ, കൊളംബോ തുറമുഖത്തിന്റെ കുത്തകയ്ക്ക് പൂട്ടിടാൻ സാധിക്കും. കൊച്ചി തുറമുഖത്തിന് കീഴിൽ ഡിപി വേൾഡിന്റെ നിയന്ത്രണത്തിലുള്ള വല്ലാർപാടം അന്താരാഷ്ട്ര കണ്ടെയ്നർ ട്രാൻസ്- ഷിപ്പ്മെന്റ് ടെർമിനലിന്റെ ആഴം 14.5 മീറ്ററാണ്. ഇത് 16 മീറ്ററായി ഉയർത്താനാണ് ലക്ഷ്യമിടുന്നത്. നിലവിൽ, വല്ലാർപാടം ടെർമിനലിന്റെ കണ്ടെയ്നർ കാര്യശേഷി 10 ലക്ഷം ടി.ഇ.യുവാണ്. ഇത് 20 ലക്ഷം ടി.ഇ.യു ആക്കി ഉയർത്താനും സാധ്യതയുണ്ട്.
സാഗർമാല പദ്ധതിയുടെയും കൊച്ചി തുറമുഖ ട്രസ്റ്റിന്റെയും സംയുക്താഭിമുഖ്യത്തിലാണ് ആഴം കൂട്ടിലുമായി ബന്ധപ്പെട്ടുള്ള ചിലവുകൾ വഹിക്കുന്നത്. പുതിയ മാറ്റങ്ങൾ നിലവിൽ വരുന്നതോടെ, ദക്ഷിണേന്ത്യയിലെ കയറ്റുമതി- ഇറക്കുമതി ഇടപാടുകാർക്ക് വിദേശ തുറമുഖങ്ങളുമായി നേരിട്ട് കണക്ടിവിറ്റി ഉറപ്പാക്കാനുള്ള ട്രാൻസ്- ഷിപ്പ്മെന്റ് ഹബ്ബായി കൊച്ചി തുറമുഖം ഉയരും.