ആ​ഗോള പ്രശ്നങ്ങളിൽ നരേന്ദ്ര മോദിയുടെ നിലപാടറിയാൻ ബൈഡൻ ഉറ്റുനോക്കുന്നു: ജോനാഥൻ ഫൈനർ

ആ​ഗോള പ്രശ്നങ്ങളിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ (Prime Minister Narendra Modi) നിലപാട് അറിയാൻ അമേരിക്കൻ പ്രസിഡന്റ് ഉറ്റുനോക്കാറുണ്ടെന്ന് യുഎസ് ഡെപ്യൂട്ടി നാഷണൽ സെക്യൂരിറ്റി അഡ്വൈസർ (എൻഎസ്‌എ) ജോനാഥൻ ഫൈനർ. ഇന്തോനേഷ്യയിലെ ബാലിയിൽ നടന്ന ജി 20 ഉച്ചകോടിയിൽ ചില കാര്യങ്ങളിൽ സമവായത്തിലെത്താൻ ബൈഡനെ സഹായിക്കുന്നതിൽ പ്രധാനമന്ത്രി മോദിയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന പ്രതിനിധി സംഘവും വഹിച്ച പങ്കിനെയും അദ്ദേഹം അഭിനന്ദിച്ചു. രാജ്യങ്ങളുടെ സംയുക്ത പ്രസ്താവനയിൽ സമവായം ഉണ്ടാക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നിർണായക പങ്കുവഹിച്ചു എന്നും ഫൈനർ പറഞ്ഞു.

റഷ്യയും യുഎസും അതിന്റെ സഖ്യകക്ഷികളും തമ്മിൽ സംഘർഷം തുടരുന്നതിനിടെയാണ് പ്രധാനമന്ത്രി മോദിയുടെ “ ഇത് യുദ്ധത്തിന്റെ യുഗമല്ല” എന്ന പ്രസ്താവന പ്രധാനപ്പെട്ട ഒരു പോയിന്റായി ഉയർന്നുവന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വാഷിംഗ്ടൺ ഡിസിയിലെ ഇന്ത്യാ ഹൗസിൽ നടന്ന ഒരു പരിപാടിയിൽ യുഎസ് പ്രസിഡന്റ് ജോ ബൈഡനെ പ്രതിനിധീകരിച്ച് പങ്കെടുക്കുകയായിരുന്നു ഫൈനർ.

വൈറ്റ് ഹൗസിലെ ഉന്നത പ്രതിനിധികൾ, ഡെമോക്രാറ്റിക് പാർട്ടിയിലെ പ്രമുഖർ, റിപ്പബ്ലിക്കൻ പാർട്ടി നേതാക്കൾ എന്നിവരുൾപ്പെടെ 700-ലധികം അതിഥികൾ ദീപാവലി, ഈദ്, ഗുരുപുരാബ്, ബോധി ദിനം, ക്രിസ്മസ്, ഹനുക്ക എന്നീ ആഘോഷങ്ങളോട് അനുബന്ധിച്ചു നടത്തിയ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയിരുന്നു.

ഇന്ത്യ-യുഎസ് ബന്ധത്തെ സംബന്ധിച്ചിടത്തോളം 2023 നിർണായക വർഷമായിരിക്കുമെന്നും ഫൈനർ ഹിന്ദുസ്ഥാൻ ടൈംസിനോട് പറഞ്ഞു. ഇന്ത്യയുടെ ജി 20 അദ്ധ്യക്ഷ സ്ഥാനം, ക്വാഡ് നേതൃത്വ ഉച്ചകോടി, സിഇഒമാർ തമ്മിലുള്ള സംഭാഷണം പുനരാരംഭിക്കൽ, 2+2 ഡയലോഗ് എന്നിവയ്‌ക്ക് യുഎസിന്റെ പിന്തുണ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഇവയെല്ലാം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുകയും ആഴത്തിലാക്കുകയും ചെയ്യുമെന്നും പറഞ്ഞു.

ഇന്ത്യ-യുഎസ് ബന്ധത്തിൽ ബൈഡൻ വലിയ സാധ്യതകൾ കാണുന്നുണ്ടെന്നും ഇരു ജനാധിപത്യ രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ആഴത്തിലാക്കാൻ അമേരിക്ക പ്രതിജ്ഞാബദ്ധമാണെന്നും ഫൈനർ പറഞ്ഞു.

യുഎസിലെ ഇന്ത്യൻ അംബാസഡർ തരൺജിത് സിംഗ് സന്ധുവും പരിപാടിയിൽ പങ്കെടുത്തിരുന്നു. ജോ ബൈഡന്റെ മുതിർന്ന ഉപദേഷ്ടാവ് നീര ടാൻഡൻ, പുതുതായി തിരഞ്ഞെടുക്കപ്പെട്ട മേരിലാൻഡ് ലെഫ്റ്റനന്റ് ഗവർണർ അരുണ മില്ലർ, അന്താരാഷ്ട്ര ഊർജ സുരക്ഷയ്ക്കും അടിസ്ഥാന സൗകര്യ വികസനത്തിനും വേണ്ടിയുള്ള ബൈഡന്റെ പ്രത്യേക കോർഡിനേറ്റർ അമോസ് ഹോച്ച്, യുഎസ് സർജൻ ജനറൽ വിവേക് ​​മൂർത്തി, റിപ്പബ്ലിക്കൻ സെനറ്റർ നീരജ് അന്താനി തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തിരുന്നു.

ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയ ജോ ബൈഡൻ മോദിയെ ദൂരെ നിന്നും അഭിവാദ്യം ചെയ്ത ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഉച്ചകോടിക്കിടെ രാഷ്ട്രത്തലവൻമാർ കണ്ടല്‍വനം കാണാന്‍ പോയിരുന്നു. ഈ അവസരത്തിൽ പകർത്തിയതാണ് ചിത്രം. ബിജെപി ഐടി സെല്‍ അധ്യക്ഷന്‍ അമിത് മാളവ്യ ചിത്രം ട്വീറ്റ് ചെയ്തിരുന്നു.