വിഴിഞ്ഞത്ത് തുറമുഖ നിർമാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ അദാനി ​ഗ്രൂപ്പ്; പ്രദേശത്ത് സംഘർഷാവസ്ഥ

തിരുവനന്തപുരം: വിഴിഞ്ഞത്ത് ഇന്ന് നിർമ്മാണ പ്രവർത്തനങ്ങൾ വീണ്ടും തുടങ്ങുമെന്ന് അദാനി ഗ്രൂപ്പ്. ഇക്കാര്യമറിയിച്ച് സംസ്ഥാന സർക്കാരിന് അദാനി ​ഗ്രൂപ്പ് കത്ത് നൽകി. നിർമ്മാണ സാമഗ്രികളുമായി ഇന്ന് വിഴിഞ്ഞത്തേക്ക് വാഹനങ്ങൾ എത്തുമെന്നാണ് അദാനി ​ഗ്രൂപ്പ് അറിയിച്ചിരിക്കുന്നത്. വിഴിഞ്ഞം തുറമുഖ നിർമാണം പുനരാരംഭിക്കുമെന്ന അറിയിപ്പ് ഉണ്ടായതോടെ മത്സ്യത്തൊഴിലാളികൾ സമരം ശക്തമാക്കി. പദ്ധതിയെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തമ്മിൽ പ്രദേശത്ത് ഏറ്റുമുട്ടലുണ്ടായി. പോലീസ് ലാത്തി വീശി.

പദ്ധതി പ്രദേശത്ത് നിർമ്മാണ സാധനങ്ങളുമായി വാഹനങ്ങൾ എത്തിയതോടുകൂടിയായിരുന്നു പ്രശ്നങ്ങൾ ആരംഭിച്ചത്. സമരത്തെ എതിർക്കുന്ന ലത്തീൻ രൂപത വിഭാഗക്കാർ വാഹനങ്ങളെ തടഞ്ഞുകൊണ്ട് റോഡിൽ കുത്തിയിരുന്നു. ഈ സമയം പദ്ധതി അനുകൂലികൾ സ്ഥലത്ത് എത്തിയതോടുകൂടി സ്ഥിതിഗതികൾ വഷളായി. രാവിലെ പത്തരയോടെ കൂടിയായിരുന്നു നിർമ്മാണസാധനങ്ങളുമായി പദ്ധതി പ്രദേശത്തേക്ക് വാഹനങ്ങൾ എത്തിത്തുടങ്ങിയത്.തുടർന്ന് പ്രദേശത്ത് സംഘർഷങ്ങൾ ആരംഭിക്കുകയായിരുന്നു. വിഴിഞ്ഞം തുറമുഖ പദ്ധതിയെ എതിർക്കുന്നവരും അനുകൂലിക്കുന്നവരും ചേരിതിരിഞ്ഞുള്ള കല്ലേറിൽ പോലീസുകാർ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു. തിരുവനന്തപുരം റൂറലിലെ വിവിധ സ്റ്റേഷനിൽ നിന്നുള്ള പോലീസ് സംഘം വിഴിഞ്ഞത്ത് എത്തിയിട്ടുണ്ട്. പ്രദേശത്ത് പോലീസ് സുരക്ഷ ശക്തമാക്കി.