പെരിയ ഇരട്ടക്കൊലക്കേസ് പ്രതികൾക്ക് ജയിൽ അധികൃതർ സുഖ സൗകര്യങ്ങൾ ഒരുക്കി നൽകുന്നത് സർക്കാർ നിർദേശപ്രകാരം’; ആരോപണവുമായി ശരത് ലാലിന്റെ കുടുംബം

പെരിയ ഇരട്ടക്കൊലക്കേസ് പ്രതികൾക്ക് ജയിൽ അധികൃതർ സുഖ സൗകര്യങ്ങൾ ഒരുക്കി നൽകുന്നത് സർക്കാർ നിർദേശപ്രകാരമെന്ന് കൊല്ലപ്പെട്ട ശരത് ലാലിൻറെ കുടുംബം. പ്രതി പീതാംബരനെ ആശുപത്രിയിൽ പ്രവേശിച്ചപ്പോൾ കൂടെ ബന്ധുക്കൾ ഉണ്ടായിരുന്നുവെന്നാണ് ആരോപണം. അതേസമയം കേസിൽ പുനരന്വേഷണത്തിനായി ഉടൻ കോടതിയിൽ ഹർജി സമർപ്പിക്കുമെന്ന് ശരത് ലാലിന്റെ പിതാവ് സത്യനാരായണൻ പറഞ്ഞു.കേസിലെ ഒന്നാം പ്രതി പീതാംബരന് ജയിൽ സൂപ്രണ്ട് ചട്ടം ലംഘിച്ച് ആയുർവേദ ചികിത്സ നൽകിയത് വിവാദമായതോടെയാണ് പ്രതികരണവുമായി ശരത് ലാലിൻറെ കുടുംബം രംഗത്തുവന്നത്. ജയിലിൽ ലഹരി മരുന്നുകൾ വരെ എത്തിച്ച് നൽകുന്നത് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ആണെന്നാണ് കുടുംബത്തിൻറെ ആരോപണം. സർക്കാരിൻറെ നിർദേശപ്രകാരമാണ് ഇതെല്ലാം നടക്കുന്നതെന്നും കുടുംബം ആരോപിക്കുന്നു.

അതേസമയം കേസിൽ പുനരന്വേഷണം വേണമെന്ന് ശരത് ലാലിൻറെയും കൃപേഷിൻറെയും കുടുംബങ്ങൾ നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. ഇതിനായി എറണാകുളം സിജെഎം കോടതിയിൽ ഉടൻ പുനരന്വേഷണ ഹർജി സമർപ്പിക്കാനാണ് കുടുംബങ്ങളുടെ തീരുമാനം.

കേസിൽ 24 പേരെ പ്രതിചേർത്താണ് സിബിഐ കുറ്റപത്രം സമർപ്പിച്ചതെങ്കിലും, ഗൂഢോലോചനയിൽ പങ്കെടുത്ത രാഷ്ട്രീയ നേതൃത്വത്തിലേക്ക് ഇതുവരെ അന്വേഷണം എത്തിയില്ലെന്നാണ് കുടുംബങ്ങളുടെ നിലപാട്.