ഓസ്ട്രേലിയയിൽ കോവിഡ് നാലാം തരം​ഗത്തിൽ അതിവ്യാപനം; ശൈത്യകാലത്ത് കേസുകൾ വർധിച്ചേക്കാമെന്ന് ഇഎംഎ

കോവിഡ് നാലാംതരം​ഗത്തിൽ ഓസ്ട്രേലിയയിൽ കോവിഡ് കേസുകൾ വ‍ർധിക്കുന്നതായി റിപ്പോർട്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഓസ്‌ട്രേലിയയിൽ പ്രതിദിനം ഏകദേശം 12,000 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ഇത് മുൻ ആഴ്‌ചയെ അപേക്ഷിച്ച് 10 ശതമാനം വർധനവ് കാണിക്കുന്നതായാണ് ഓസ്ട്രേലിയൻ ആരോഗ്യ വകുപ്പിന്റെ കണക്ക്. കോവിഡ് അണുബാധയുടെ നാലാം തരംഗത്തിന്റെ അതിതീവ്രവ്യാപന അവസ്ഥയിലേക്ക് ഓസ്‌ട്രേലിയ അടുക്കുകയാണെന്ന് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നു.

കോവിഡ് രോ​ഗബാധിതരായ രണ്ടായിരത്തിലധികം ആളുകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ പ്രവേശിപ്പിച്ച കോവിഡ് രോഗികളുടെ എണ്ണം കഴിഞ്ഞ ആഴ്‌ച രണ്ടായിരത്തിൽ താഴെയായിരുന്നു. രാജ്യത്തെ ആരോഗ്യ വകുപ്പിന്റെ കണക്കനുസരിച്ച്, ഈ ആഴ്ചയിൽ, ഓസ്‌ട്രേലിയയിൽ നൂറിലധികം മരണങ്ങൾ കോവിഡ് രോ​ഗബാധ മൂലം റിപ്പോർട്ട് ചെയ്യപ്പെട്ടു.കോവിഡ് പാൻഡെമിക്കിന്റെ പുതിയ തരംഗത്തെയാണ് യൂറോപ്പ് അഭിമുഖീകരിക്കുന്നത്. യൂറോപ്പിൽ, ശൈത്യകാല മാസങ്ങൾ എത്തുമ്പോൾ കോവിഡ് പാൻഡെമിക്കിന്റെ ഒരു പുതിയ തരംഗം രൂക്ഷമാകാൻ സാധ്യതയുണ്ടെന്ന് യൂറോപ്യൻ മെഡിസിൻസ് ഏജൻസി (ഇഎംഎ) മുന്നറിയിപ്പ് നൽകി. യൂറോപ്യൻ യൂണിയൻ രാജ്യങ്ങളോട് വാക്സിനേഷൻ ശക്തമാക്കാൻ അഭ്യർഥിക്കുന്നതായും യൂറോപ്യൻ മെഡിസിൻസ് ഏജൻസി വ്യക്തമാക്കി.

കോവിഡ് വൈറസ് അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്നുവെന്നും ബിക്യു.1.1 പോലുള്ള പുതിയ ഒമിക്രോൺ സബ് വേരിയന്റുകളും അതിന്റെ ഉപ വേരിയന്റുകളും ഒമിക്രോൺ ബിഎ വേരിയന്റിൽ വ്യതിയാനങ്ങൾ വരുത്തുന്നതായും ഹെൽത്ത് ത്രെറ്റ്‌സ് ആന്റ് വാക്‌സിൻ സ്ട്രാറ്റജി മേധാവി മാർക്കോ കവലേരി ഒരു പത്രസമ്മേളനത്തിൽ അറിയിച്ചു. പുതിയ സ്‌ട്രെയിനുകൾക്ക് നിലവിൽ ലഭ്യമായ മോണോക്ലോണൽ ആന്റിബോഡി ഉൽപ്പന്നങ്ങളെ മറികടക്കാൻ കഴിയുമെന്നും അദ്ദേഹം ആശങ്ക ഉന്നയിച്ചു. മാത്രമല്ല, കഴിഞ്ഞ കുറച്ച് മാസങ്ങളായി യൂറോപ്യൻ യൂണിയൻ മേഖലയിൽ വാക്സിൻ ബൂസ്റ്റർ എടുക്കുന്നതിന്റെ ശരാശരി നിരക്ക് വളരെ കുറവായിരുന്നു, ഇത് നിരാശാജനകമാണെന്നും കവലേരി പറഞ്ഞു.