മകനും സുഹൃത്തുക്കളും തമ്മിൽ തർക്കം; ഇടപെട്ട അച്ഛൻ അടിയേറ്റ് മരിച്ചു

തൊടുപുഴ∙ മകനും സുഹൃത്തുക്കളും തമ്മിലുള്ള തർക്കത്തിൽ ഇടപെട്ട അച്ഛൻ അടിയേറ്റ് മരിച്ചു. ഇടുക്കി കട്ടപ്പന നിർമല സിറ്റിയിലെ രാജു (47) ആണ് മരിച്ചത്. രാജുവിന്റെ മകൻ രാഹുലിന്റെ സുഹൃത്തുക്കളായ വാഴവര സ്വദേശി ഹരികുമാർ (28), കാരിക്കുഴിയിൽ ജോബി (25) എന്നിവർ പിടിയിലായി. തർക്കത്തിനിടെ ഹരികുമാറിനും പരുക്കേറ്റിരുന്നു. ഇയാൾ ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

രാഹുലിന്റെ ബൈക്ക് സുഹൃത്തുക്കൾ കൊണ്ടുപോയതുമായി ബന്ധപ്പെട്ടാണ് തർക്കമുണ്ടായത്. ബൈക്ക് അപകടത്തിൽ പെടുകയും കേടുപാടുണ്ടാവുകയും ചെയ്തു. ബൈക്ക് നന്നാക്കാന്‍ 5000 രൂപ നൽകാമെന്ന് രാഹുൽ പറഞ്ഞിരുന്നു. ഇതു ചോദിച്ച് ഇരുവരും എത്തിയതിനെ തുടർന്നാണ് തർക്കമുണ്ടായത്. ഇരുവരും മദ്യലഹരിയിലായിരുന്നുവെന്നാണ് വിവരം. രാജുവിന്റെ മൃതദേഹം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ.