കുടിയേറ്റം കുറയ്ക്കാൻ ഋഷി സുനക് സർക്കാർ; വിദ്യാർഥിവീസയ്ക്ക് നിയന്ത്രണം വരും

ലണ്ടൻ ∙ ബ്രിട്ടനിലേക്കുള്ള കുടിയേറ്റം കുറയ്ക്കാൻ പ്രധാനമന്ത്രി ഋഷി സുനക് നടപടി ആലോചിക്കുന്നു. ഇതിന്റെ ഭാഗമായി രാജ്യാന്തര വിദ്യാർഥികളുടെ എണ്ണം വെട്ടിക്കുറയ്ക്കുന്നതു പരിഗണനയിലാണ്. നിലവാരം കുറഞ്ഞ ബിരുദ കോഴ്സുകൾക്കു ചേരുകയും കുടുംബാംഗങ്ങളെ കൊണ്ടുവരികയും ചെയ്യുന്നവർക്കാണു നിയന്ത്രണം കൊണ്ടുവരാൻ ഉദ്ദേശിക്കുന്നത്. യുകെയിലേക്കുള്ള കുടിയേറ്റം ഈ വർഷം 5 ലക്ഷം കവിഞ്ഞ സാഹചര്യത്തിലാണു നടപടിയെന്നു പ്രധാനമന്ത്രിയുടെ വക്താവ് അറിയിച്ചു.

എന്നാൽ, നിലവാരം കുറഞ്ഞ ബിരുദം എന്നതു കൊണ്ട് എന്താണ് ഉദ്ദേശിച്ചതെന്നു വ്യക്തമാക്കിയില്ല. വിദേശ വിദ്യാർഥികൾക്കു നിയന്ത്രണം ഏർപ്പെടുത്തിയാൽ ഒട്ടേറെ സർവകലാശാലകൾ പാപ്പരായിത്തീരുമെന്നു വിദ്യാഭ്യാസ വകുപ്പ് മുന്നറിയിപ്പു നൽകിയിട്ടുണ്ട്. ഉയർന്ന ഫീസ് നൽകുന്ന രാജ്യാന്തര വിദ്യാർഥികളുടെ എണ്ണം കുറഞ്ഞാൽ, സർവകലാശാലകൾക്കുള്ള സർക്കാർ ധനസഹായം ഉയർത്തേണ്ടിവരും. രാജ്യത്തെ ഉന്നത സർവകലാശാലകളിലെ പ്രവേശനത്തെയും പ്രതികൂലമായി ബാധിക്കുമെന്ന് ദ് ടൈംസ് റിപ്പോർട്ട് ചെയ്തു. രാജ്യാന്തര വിദ്യാർഥികളെ കുടിയേറ്റക്കാരുടെ പട്ടികയിൽ ഉൾപ്പെടുത്തരുതെന്ന ആവശ്യവുമായി ഇന്ത്യൻ പ്രവാസി വിദ്യാർഥികളുടെ സംഘടനയായ നാഷനൽ ഇന്ത്യൻ സ്റ്റുഡന്റ്സ് ആൻഡ് അലമ്നൈ യൂണിയൻ രംഗത്തെത്തി. സമ്പദ്ഘടനയുടെ വളർച്ചയ്ക്കു കുടിയേറ്റം വർധിപ്പിക്കേണ്ടത് ആവശ്യമാണെന്നാണ് കഴിഞ്ഞയാഴ്ച ധനമന്ത്രി ജെറമി ഹണ്ട് പറഞ്ഞത്. സമ്പദ്‌വ്യവസ്ഥയ്ക്കു പരുക്കേൽപ്പിക്കാതെ കുടിയേറ്റം കുറയ്ക്കാനുള്ള ദീർഘകാല പദ്ധതിയാണു വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ഈ വർഷം ജൂൺ വരെയുള്ള കണക്കുപ്രകാരം ആകെ കുടിയേറ്റക്കാർ 5,04,000 ആയി. ഇത് റെക്കോർഡ് ആണ്. യൂറോപ്പുകാരല്ലാത്ത വിദ്യാർഥികളുടെ എണ്ണവും കുത്തനെ ഉയർന്നു. യുക്രെയ്ൻ, അഫ്ഗാനിസ്ഥാൻ, ഹോങ്കോങ് പൗരന്മാർക്കുവേണ്ടിയുള്ള പ്രത്യേക വീസ പദ്ധതി പ്രകാരം 1.38 ലക്ഷം പേർ എത്തി. 2015 ൽ 3.30 ലക്ഷം കുടിയേറ്റക്കാരായതാണ് ഇതിനു മുൻപുള്ള ഏറ്റവും ഉയർന്ന സംഖ്യ. കുടിയേറ്റ പ്രശ്നം ഉയർത്തിയാണ് 2016 ൽ യൂറോപ്യൻ യൂണിയൻ വിട്ടുപോരാൻ യുകെ തീരുമാനിച്ചത്.

പാർട്ടി തളർന്നു; സുനക് വളർന്നു

ലണ്ടൻ ∙ ഭരണകക്ഷിയായ കൺസർവേറ്റീവ് പാർട്ടിയുടെ ജനപ്രീതി കുത്തനെ ഇടിഞ്ഞെങ്കിലും പ്രധാനമന്ത്രി ഋഷി സുനകിനെ ഇഷ്ടപ്പെടുന്നവരുടെ എണ്ണം ഉയർന്നതായി അഭിപ്രായ വോട്ടെടുപ്പ്. ഈ മാസം നടത്തിയ സർവേ പ്രകാരം സുനകിനെ ഇഷ്ടപ്പെടുന്നവർ 47% പേരാണ്. എതിർക്കുന്നവർ 41%. ഒരു മാസം മുൻപ് അധികാരമേൽക്കുമ്പോഴുള്ളതിനെക്കാൾ പിന്തുണ ഉയർന്നുവെന്നാണു സൂചന. അതേസമയം, നാലിലൊരാൾ മാത്രമാണ് (26%) കൺസർവേറ്റീവ് പാർട്ടിയെ ഇഷ്ടപ്പെടുന്നത്. 2007 നു ശേഷം പാർട്ടിയുടെ ഏറ്റവും മോശം സമയമാണിത്.