സമരക്കാരുടെ ആറില്‍ അഞ്ച് ആവശ്യങ്ങളും അംഗീകരിച്ചിട്ടുണ്ട് ഇപ്പോൾ നടക്കുന്നത് കലാപനീക്കമെന്ന് സി പി എം

തിരുവനന്തപുരം: വിഴിഞ്ഞത്തേത് കലാപനീക്കമെന്ന് സി പി എം. ഇന്നലത്തെ സംഭവങ്ങള്‍ വരുത്തിവച്ചത് സമരസമിതിയാണെന്ന് സി പി എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ പ്രതികരിച്ചു.സമരക്കാരുടെ ആറില്‍ അഞ്ച് ആവശ്യങ്ങളും അംഗീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു.

അതേസമയം, വിഴിഞ്ഞത്ത് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. തീരദേശത്തും, പൊലീസ് സ്റ്റേഷന്‍ പരിസരത്തും ഹാര്‍ബറിലെല്ലാം വന്‍ പൊലീസ് സന്നാഹമുണ്ട്. മറ്റ് ജില്ലകളില്‍ നിന്നും പൊലീസിനെ എത്തിച്ചിട്ടുണ്ട്.

ഇന്നലെ വൈകിട്ടാണ് പൊലീസ് സ്റ്റേഷന്‍ അക്രമമുണ്ടായത്. ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ വിഴിഞ്ഞത്ത് തുറമുഖ വിരുദ്ധസമര സമിതി ശനിയാഴ്ച നടത്തിയ അക്രമങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അഞ്ചുപേരെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ടെത്തിയ സമരക്കാര്‍ വിഴിഞ്ഞം പൊലീസ് സ്റ്റേഷന്‍ ആക്രമിക്കുകയായിരുന്നു. 35 പൊലീസുകാര്‍ക്ക് പരിക്കേറ്റു. സംഘര്‍ഷത്തില്‍ എട്ട് സമരക്കാര്‍ക്കും പരിക്കേറ്റിരുന്നു. വിഴിഞ്ഞം പോലീസ് സ്‌റ്റേഷന് സമീത്തായുള്ള കെഎസ്ആര്‍ടിസി ബസ് സ്റ്റാഡില്‍ നിര്‍ത്തിയിട്ടിരുന്ന ബസിനുനേരെയും ആക്രമണം ഉണ്ടായി.

വിഴിഞ്ഞം സംഘര്‍ഷത്തില്‍ 3000 പേര്‍ക്കെതിരെ പോലീസ് കേസ് എടുത്തു. വിഴിഞ്ഞം പോലീസ് സ്റ്റേഷന്‍ ആക്രമിച്ച സമരക്കാര്‍ക്കെതിരെയാണ് കേസ്. 85 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായെന്നാണ് എഫ്ഐആറില്‍ പറയുന്നത്. സമരക്കാര്‍ പോലീസിനെ ചുട്ടുകൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പോലീസ് പറയുന്നു. പോലീസ് സ്‌റ്റേഷന് മുന്നില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ പോലീസ് സ്‌റ്റേഷന്‍ പൂര്‍ണമായും അക്രമികള്‍ അടിച്ച് തകര്‍ത്തു. പോലീസ് സ്‌റ്റേഷന്റെ മുന്‍ വശം പൂര്‍ണമായും അടിച്ച് തകര്‍ത്ത നിലയിലാണ്. കല്ലും കമ്പും ഉപയോഗിച്ചാണ് പ്രതിഷേധക്കാര്‍ പോലീസ് സ്‌റ്റേഷന്‍ ആക്രമിച്ചത്. പോലീസ് സ്‌റ്റേഷനിലെ ഹെല്‍പ് ഡെസ്‌ക് അടക്കം പ്രതിഷേധക്കാര്‍ തല്ലിതകര്‍ത്തു.

പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ആശുപത്രിയില്‍ പോകുവാന്‍ പോലും സാധിച്ചില്ല. വലിയ കല്ലുകള്‍ ഉപയോഗിച്ചാണ് വാഹനങ്ങള്‍ ആക്രമിച്ചത്. പോലീസ് സ്‌റ്റേഷനിലെ സിസിടിവിയും പ്രതിഷേധക്കാര്‍ അടിച്ചു തകര്‍ത്തു. അതേസമയം നിലവില്‍ പ്രദേശത്ത് സംഘര്‍ഷത്തിന് അയവുണ്ട്. കഴിഞ്ഞ രാത്രി സംഘര്‍ഷമുണ്ടായെങ്കിലും രാവിലെ പ്രതിഷേധക്കാര്‍ ഇവിടെ എത്തിയിട്ടില്ല. കനത്ത പോലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വള്ളങ്ങള്‍ റോഡിന് കുറുകെയിട്ട് ചിലയിടങ്ങളില്‍ ഗതാഗതം തടസ്സപ്പെടുത്തിയ നിലയിലാണ്.