തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിർമ്മാണത്തിന്റെ സാങ്കേതികത സംബന്ധിച്ച് ചൊവ്വാഴ്ച തുറമുഖ കമ്പനി സെമിനാറും സംഗമവും സംഘടിപ്പിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ സെമിനാറും സംഗമവും ഉദ്ഘാടനം ചെയ്യും. നിർമ്മാണവുമായി ബന്ധപ്പെട്ട വിവിധ സെമിനാറുകൾ അവതരിപ്പിക്കും. തുറമുഖ സെക്രട്ടറി കെ ബിജു പദ്ധതി വിശദീകരണം നടത്തും.
സ്ഥലം എംപി എന്ന നിലയിൽ മുതിർന്ന കോൺഗ്രസ് നേതാവ് ശശി തരൂരും സംഗമത്തിൽ പ്രഭാഷണം നടത്തുമെന്നാണ് വിവരം. ‘വിഴിഞ്ഞം തുറമുഖത്തിന്റെ ആഘാതം സമീപ തീരങ്ങളിൽ-പഠന വെളിച്ചത്തിൽ’ എന്ന വിഷയം മുൻ ശാസ്ത്രജ്ഞനും എൽ ആൻഡ് ടി ഇൻഫ്ര എൻജിനീയറിങ് തുറമുഖ-പരിസ്ഥിതി വിഭാഗം തലവനുമായ പി ആർ രാജേഷ് അവതരിപ്പിക്കും.
‘തീര രൂപവത്കരണത്തിലെ അടിസ്ഥാന തത്വങ്ങൾക്ക് വിഴിഞ്ഞം തുറമുഖ വികസനത്തിലുള്ള പ്രാധാന്യം’ എന്ന വിഷയം ഇൻഡോമർ കോസ്റ്റൽ ഹൈഡ്രോളിക്സ് ലിമിറ്റഡ് എംഡിയും ഗോവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യാനോഗ്രാഫി ഓഷ്യൻ എൻജിനീയറിങ് വിഭാഗം മുൻ തലവനുമായ ഡോ പി ചന്ദ്രമോഹൻ അവതരിപ്പിക്കും.
‘തിരുവനന്തപുരം കടൽതീരത്തെ മാറ്റങ്ങൾ-യഥാർഥ ഘടകങ്ങളുടെ അടിസ്ഥാനത്തിലെ വിലയിരുത്തൽ’ എന്ന വിഷയത്തിൽ നാഷനൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസിലെ മറൈൻ ജിയോസയൻസ് ഗ്രൂപ് മേധാവി ഡോ എൽ ഷീല നായരും സംസാരിക്കും.