ചൈനയിൽനിന്നു ‘മുങ്ങിയ’ ജാക് മാ ജപ്പാനിൽ സുരക്ഷിതൻ; തടസ്സമില്ലാതെ യുഎസ് യാത്ര

ടോക്കിയോ ∙ ചൈനയിലെ ശതകോടീശ്വരനും ആലിബാബ വ്യാപാര ശൃംഖലയുടെ ഉടമയുമായ ജാക് മാ ആറുമാസമായി ജീവിക്കുന്നത് ടോക്കിയോയിൽ. ഏറെനാളായി ചൈനയിലെ പൊതുവേദിയിൽ പ്രത്യക്ഷപ്പെടാതിരിക്കുന്ന ജാക് മാ ജപ്പാനിലുണ്ടെന്ന വിവരം രാജ്യാന്തര മാധ്യമങ്ങളാണു പുറത്തുവിട്ടത്.

ചൈനയിലെ നിയന്ത്രണങ്ങളെ വിമർശിച്ച് 2020ൽ ഷാങ്ഹായിൽ നടത്തിയ പ്രസംഗത്തിനു ശേഷമാണു മാ പൊതുവേദിയിൽനിന്ന് അപ്രത്യക്ഷനായത്. വിഷയത്തിൽ ചൈനീസ് ഭരണകൂടത്തെ പ്രതിസ്ഥാനത്തു നിർത്തുന്ന ഒരുപാട് ദുരൂഹകഥകൾ പ്രചരിച്ചിരുന്നു. ജപ്പാനിൽ താമസമാക്കിയ മാ, യുഎസിലേക്കും ഇസ്രയേലിലേക്കും ഇടയ്ക്കിടെ യാത്ര ചെയ്യാറുണ്ടെന്നു റിപ്പോർട്ടിൽ പറയുന്നു. ആലിബാബ ഗ്രൂപ്പിലെ ആദ്യകാല നിക്ഷേപകരായ, ടോക്കിയോ ആസ്ഥാനമായ സോഫ്റ്റ്‌ബാങ്ക് ഗ്രൂപ്പിന്റെ സ്ഥാപകൻ മസയോഷി സണിന്റെ അടുത്ത സുഹൃത്താണു മാണ് ടോക്കിയോയിൽ നിരവധി സ്വകാര്യ ക്ലബുകളിൽ മാ അംഗത്വമെടുത്തു. പഴ്‍സനൽ ഷെഫ്, സുരക്ഷാ ജീവനക്കാർ എന്നിവർ കൂടെയുണ്ട്. മോഡേൺ ആർട്ടിന്റെ വലിയ ശേഖരവും ഇദ്ദേഹത്തിനുണ്ടെന്നു റിപ്പോർട്ടിൽ പറയുന്നു. ചൈനയിലെ ഏറ്റവും പ്രബലനായ വ്യവസായി ആയ മായെ, സർക്കാരിനെ വിമർശിച്ചതോടെ വീട്ടുതടങ്കലിലാക്കിയെന്നാണ് വാർത്തകൾ പ്രചരിച്ചത്. നേരത്തെ കുത്തകവിരുദ്ധ നിയമം ലംഘിച്ചെന്ന് കാണിച്ച് ആലിബാബ അടക്കമുള്ള മായുടെ കമ്പനികൾക്കെതിരെ സർക്കാർ നടപടി സ്വീകരിച്ചിരുന്നു.