കോട്ടയം ∙ ‘കേട്ടാൽ അറയ്ക്കുന്ന വാക്കുകളും അശ്ലീല നോട്ടവുമാണു ഞാൻ നേരിട്ടത്. പിന്തുടർന്ന് ആക്രമിച്ചു. മുഖത്തടിച്ചു; മുടിയിൽ പിടിച്ച് വലിച്ചിഴച്ചു. നിലത്തു വീഴ്ത്തി വയറ്റത്തു തുടരെ ചവിട്ടി. സുഹൃത്തിനെയും തല്ലി. ആരും തടഞ്ഞില്ല’ – കോട്ടയം നഗരമധ്യത്തിൽ, കഴിഞ്ഞ ദിവസം രാത്രി 11.30ന് താൻ നേരിട്ട പീഡനങ്ങൾ വിവരിച്ചപ്പോൾ വിദ്യാർഥിനിക്കു (21 വയസ്സ്) കണ്ണുനീർ നിയന്ത്രിക്കാൻ കഴിഞ്ഞില്ല. സെൻട്രൽ ജംക്‌ഷനിൽ ഗാന്ധിപ്രതിമയ്ക്കു സമീപമാണു കോളജ് വിദ്യാർഥിനിക്കും സുഹൃത്തിനും നേരെ സദാചാര ഗുണ്ടാസംഘത്തിന്റെ ആക്രമണമുണ്ടായത്.
അപകടത്തിൽ പരുക്കേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിലായ സുഹൃത്തുക്കളെ കാണാൻ സ്കൂട്ടറിൽ നഗരത്തിലെത്തിയ, സിഎംഎസ് കോളജിലെ ബിരുദ വിദ്യാർഥിനിയെയും സുഹൃത്തിനെയുമാണ് ആക്രമിച്ചത്. സംഭവത്തിൽ വേളൂർ പ്രിമിയർ ഭാഗത്ത് വേളൂത്തറ വീട്ടിൽ മുഹമ്മദ് അസ്‌ലം (29), മാണിക്കുന്നം ഭാഗത്ത് തൗഫീഖ് മഹൽ വീട്ടിൽ അനസ് അഷ്കർ (22), കുമ്മനം പൊന്മല ഭാഗത്ത് ക്രസന്റ് വില്ല വീട്ടിൽ ഷബീർ (32) എന്നിവരെ അറസ്റ്റ് ചെയ്തു. പ്രതികളെ റിമാൻഡ് ചെയ്തു. തിരുനക്കരയിലെ സ്വകാര്യ ആശുപത്രിക്കു സമീപമുള്ള തട്ടുകടയിൽ വച്ചായിരുന്നു മൂന്നംഗ സംഘത്തിന്റെ ആക്രമണത്തിന്റെ തുടക്കം. വിദ്യാർഥിനിയും സുഹൃത്തും തട്ടുകടയിൽ ഭക്ഷണം കഴിക്കുമ്പോൾ അശ്ലീലം പറയുകയും ലൈംഗിക അംഗവിക്ഷേപം നടത്തിയ പ്രതികൾ തട്ടുകടയുടെ പുറത്തുവച്ചും പെൺകുട്ടിയെ അധിക്ഷേപിച്ചു. ഇതോടെ പെൺകുട്ടി പ്രതികരിച്ചു.
ഇവിടെ നിന്ന് ആശുപത്രിയിലേക്കു പോകുമ്പോൾ കാറിൽ പിന്തുടർന്നെത്തിയ സംഘം സെൻട്രൽ ജംക്‌ഷനിൽ സ്കൂട്ടർ തടഞ്ഞു നിർത്തിയാണ് ആക്രമിച്ചത്. പൊലീസ് സ്ഥലത്തെത്തി പ്രതികളെ പിടികൂടി. വിദ്യാർഥിനിയും സുഹൃത്തും മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി.