കുട്ടികളുടെ വിഡിയോ ഗെയിം ആസക്തി കുറച്ചുകൊണ്ടുവരുന്നതില്‍ വിജയിച്ചുവെന്ന് ചൈന. 2021 ഓഗസ്റ്റില്‍ പ്രായപൂര്‍ത്തിയാവാത്തവര്‍ വിഡിയോ ഗെയിം കളിക്കുന്നത് ആഴ്ചയില്‍ മൂന്നു മണിക്കൂറാക്കി ചൈന പരിമിതപ്പെടുത്തിയിരുന്നു. പുതിയ റിപ്പോര്‍ട്ടിന്റെ സാഹചര്യത്തില്‍ കുട്ടികള്‍ വിഡിയോ ഗെയിം കളിക്കുന്നതിലുള്ള നിയന്ത്രണങ്ങളില്‍ ചൈന ഇളവു വരുത്തിയേക്കുമെന്നും സൂചനയുണ്ട്.
ആഴ്ചയില്‍ മൂന്നു മണിക്കൂര്‍ എന്ന പരിധി എടുത്തു കളയുന്നതിന് വിഡിയോ ഗെയിം കമ്പനികള്‍ വലിയ തോതില്‍ സമ്മര്‍ദം ചെലുത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഈ റിപ്പോര്‍ട്ടെന്നാണ് കരുതപ്പെടുന്നത്. ചൈന ഗെയിം ഇന്‍ഡസ്ട്രി ഗ്രൂപ്പ് കമ്മിറ്റിയെന്ന വിഡിയോ ഗെയിം കമ്പനികളുടെ സംഘടനയാണ് റിപ്പോര്‍ട്ട് പ്രതീക്ഷയോടെ അവതരിപ്പിച്ചിരിക്കുന്നത്.കുട്ടികളെ മയക്കുന്ന കറുപ്പാണ് വിഡിയോ ഗെയിം എന്ന രീതിയില്‍ നടത്തിയ പ്രചാരണങ്ങള്‍ക്കൊടുവിലാണ് ചൈന കുട്ടികളിലെ വിഡിയോ ഗെയിമിന് നിയന്ത്രണങ്ങള്‍ കൊണ്ടുവന്നത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ വിഡിയോ ഗെയിം കമ്പനികളിലൊന്നായ ടെന്‍സെന്റിന് അടക്കം ഈ നീക്കം വലിയ തിരിച്ചടിയായിരുന്നു. നിയന്ത്രണം ഫലം കണ്ടുവെന്ന് പറയുന്ന റിപ്പോര്‍ട്ടില്‍ 75 ശതമാനം കുട്ടി ഗെയിമര്‍മാരും ആഴ്ചയില്‍ മൂന്നു മണിക്കൂറില്‍ കുറവ് സമയമാണ് ഗെയിം കളിക്കുന്നതെന്നും പറയുന്നുണ്ട്. കഴിഞ്ഞ ആഴ്ചയില്‍ ടെന്‍സെന്റ് പുറത്തുവിട്ട പാദവാര്‍ഷിക റിപ്പോര്‍ട്ടില്‍ അവരുടെ ചൈനയിലെ ഗെയിമിങ് ബിസിനസില്‍ ഉണര്‍വുണ്ടായെന്ന് അറിയിച്ചിരുന്നു.
കുട്ടികളില്‍ ശ്രദ്ധ കുറയുന്നു മാനസികാരോഗ്യപ്രശ്‌നങ്ങളും ഉറക്കസംബന്ധിയായ പ്രശ്‌നങ്ങളുമുണ്ടാവുന്നു തുടങ്ങിയ കാര്യങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ചൈന കുട്ടികളുടെ വിഡിയോ ഗെയിം കളിയില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നത്. കോവിഡ് ലോക്ഡൗണിന്റെ സമയത്ത് വിഡിയോ ഗെയിം കളിക്കുന്നത് കുത്തനെ വര്‍ധിപ്പിച്ചതും നിയന്ത്രണങ്ങളിലേക്ക് വഴിവെച്ചു. ഈ നിയന്ത്രണങ്ങളുടെ തുടര്‍ച്ചയായി ചൈനീസ് ടിക് ടോകായ ഡോയുന്‍ പതിനാലു വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് പ്രതിദിനം 40 മിനിറ്റില്‍ കൂടുതല്‍ ആപ് ഉപയോഗിക്കാനാവില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു.
വേനലവധിക്കാലമായതും ചൈനയിലെ കോവിഡ് കേസുകള്‍ കൂടുന്നതും മൂലം കൂടുതല്‍ കുട്ടികള്‍ വീടുകളില്‍ കഴിയാന്‍ നിര്‍ബന്ധിതരായിട്ടുണ്ട്. ഇതോടെ പല മാതാപിതാക്കളും കുട്ടികള്‍ക്ക് അവരുടെ അക്കൗണ്ടില്‍ നിന്നും വിഡിയോ ഗെയിം കളിക്കാന്‍ അനുവാദം നല്‍കുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ചൈനയില്‍ മുതിര്‍ന്നവര്‍ക്കിടയിലും വിഡിയോ ഗെയിമിന് വലിയ പ്രചാരമുണ്ട്. പല അപ്പൂപ്പന്മാരും അമ്മൂമ്മമാരും തങ്ങളുടെ പേരക്കുട്ടികള്‍ക്ക് വിഡിയോ ഗെയിം കളിക്കാന്‍ കൊടുത്ത് ബന്ധം കൂടുതല്‍ അടുപ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന് ചൈന ഡെയ്‌ലി പത്രം തന്നെ റിപ്പോര്‍ട്ടു ചെയ്തിരുന്നു.
2021 പകുതി മുതല്‍ 2022 ഏപ്രില്‍ വരെ പുതിയ വിഡിയോ ഗെയിമുകള്‍ക്ക് ചൈന അനുമതി നല്‍കിയിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ പതിയ വിഡിയോ ഗെയിമുകള്‍ക്ക് ചൈന അനുമതി നല്‍കുന്നുണ്ട്. ഇതും നിയന്ത്രണങ്ങളില്‍ ഇളവു വരുത്തുന്നതിന്റെ മുന്നോടിയാണെന്നതിന്റെ സൂചനയുണ്ടായിരുന്നു. ഏതാണ്ട് 70 കോടിയിലേറെ പേര്‍ വിഡിയോ ഗെയിം കളിക്കുന്ന രാജ്യമാണ് ചൈന. കുട്ടികളിലെ വിഡിയോ ഗെയിം നിയന്ത്രണം കുറക്കാന്‍ തയാറായാല്‍ അത് വിഡിയോ ഗെയിം കമ്പനികള്‍ക്ക് വലിയ നേട്ടമായി മാറും. വിഡിയോ ഗെയിമിന് പകരം ഷോര്‍ട്ട് ഓണ്‍ലൈന്‍ വിഡിയോസ് പോലുള്ള മറ്റു പല ഓണ്‍ലൈന്‍ ശീലങ്ങളിലേക്കും കുട്ടികള്‍ മാറിയെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.