ലോകകപ്പ് മത്സരം കാണാൻ പോകുന്നതിനിടെ മലപ്പുറത്ത് വിദ്യാർഥി കിണറ്റിൽ വീണ് മരിച്ചു

മലപ്പുറം∙ പെരുവള്ളൂർ ഉങ്ങുങ്ങലിൽ ലോകകപ്പ് ഫുട്ബോൾ മത്സരം കാണാൻ പോകുന്നതിനിടെ കിണറ്റിൽ വീണ് വിദ്യാർഥി മരിച്ചു. നജാത്ത് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥി മാവൂർ സ്വദേശി നാദിർ (17) ആണ് മരിച്ചത്. ശനിയാഴ്ച അർധരാത്രിയോടെയാണ് ദാരുണമായ അപകടം ഉണ്ടായത്. സ്കൂളിനു സമീപത്തെ ചാലിപ്പാടത്തുള്ള കിണറിലാണ് കുട്ടി വീണത്. മീഞ്ചന്തയിൽനിന്ന് അഗ്നിശമന സേനാ യൂണിറ്റ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്.

ടിഡിആർഎഫ് വൊളന്റിയർമാരായ ഫസൽ റഹ്മാൻ കാടപ്പടി, ഹസീബ് പുളിയം പറമ്പ്, ഷബീബ് എന്നിവരും പ്രദേശത്തെ യുവാക്കളും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. നജാത്ത് സ്കൂളിൽ ഹോസ്റ്റലിൽ താമസിച്ചു പഠിക്കുന്ന വിദ്യാർഥിയാണ്. തേഞ്ഞിപ്പാലം പൊലീസ് തുടർ നടപടികൾ സ്വീകരിച്ചു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിലേക്കു മാറ്റി.