തിരുവനന്തപുരം ∙ വലതുകാൽ കുത്തി സഞ്ജയ് സ്വർണത്തിലേക്ക് ഉയർന്നുപൊങ്ങുമ്പോൾ മനസ്സിൽ അച്ഛൻ സുനിൽ നിറഞ്ഞുനിന്നിട്ടുണ്ടാകണം. സംസ്ഥാന സ്കൂൾ കായികമേള സബ് ജൂനിയർ ഹൈജംപിൽ 1.6 മീറ്റർ ചാടിയാണ് സഞ്ജയ് സ്വർണം നേടിയത്.
2013ൽ അച്ഛന്റെ മരണത്തിന് ഇടയാക്കിയ ബൈക്ക് അപകടത്തിൽനിന്നു നാലാം വയസ്സിൽ അദ്ഭുതകരമായി രക്ഷപ്പെട്ടതാണ് പാലക്കാട് കുലുക്കല്ലൂർ മുളയംകാവ് കിഴക്കേതിൽ കെ.എസ് സഞ്ജയ് സുനിൽ. അച്ഛൻ കെ.എസ്.സുനിൽകുമാർ ഓടിച്ച ബൈക്കിൽ അമ്മ അബിതയ്ക്കും ആറുമാസം മാത്രമായ അനുജത്തി നിത്യയ്ക്കുമൊപ്പം സഞ്ജയുമുണ്ടായിരുന്നു. പാഞ്ഞെത്തിയ വാൻ ഇവരെ ഇടിച്ചുതെറിപ്പിച്ചു. സഞ്ജയിന്റെ വലതുകാൽ ഒടിഞ്ഞുതൂങ്ങി. അപകടസ്ഥലത്തുവച്ചു തന്നെ സുനിൽ മരിച്ചു.