ടെഹ്റാന്‍: ഇറാന്‍ ഭരണകൂടത്തിനെതിരെയും മതത്തിന്റെ ചട്ടക്കൂടിനെതിരെയും പരസ്യമായി ജനങ്ങള്‍ രംഗത്തിറങ്ങുന്നു. മതകാര്യപോലീസിനെ പിന്‍വലിക്കുമെന്ന വാഗ്ദാനം കൊണ്ട് മാത്രം പ്രതിഷേധത്തില്‍ നിന്നും പിന്‍മാറാന്‍ സാധിക്കില്ലെന്ന നിലപാടിലാണ് പ്രക്ഷോഭകര്‍. മതപോലീസ് സംവിധാനം ഇല്ലാതാക്കുകയല്ല, വ്യവസ്ഥിതിയുടെ സമഗ്രമായ മാറ്റമാണ് ലക്ഷ്യമെന്ന് പ്രതിഷേധക്കാര്‍ വ്യക്തമാക്കി.
ഡിസംബര്‍ അഞ്ച് മുതല്‍ മൂന്ന് ദിവസത്തേക്ക് രാജ്യത്ത് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുകയാണ് ഇറാന്‍ ജനത. പണിമുടക്കിന്റെ ഭാഗമായി സാമ്പത്തിക ഇടപാടുകള്‍ നിര്‍ത്തിവെക്കാനും മറ്റു മേഖലകളിലുള്ളവരെ കൂടി പങ്കെടുപ്പിക്കാനും പ്രക്ഷോഭകര്‍ സമൂഹമാദ്ധ്യമങ്ങളിലൂടെ ആഹ്വാനം ചെയ്തു.
മതകാര്യപോലീസിന് ജുഡീഷ്യറിയുമായി ഒരു ബന്ധവുമില്ല. അതുകൊണ്ടു തന്നെ ആ സംവിധാനത്തെ നിര്‍ത്തലാക്കുകയാണ്. ഈ സംവിധാനം എവിടെ നിന്നാണോ തുടങ്ങിയത് അവിടെ വച്ച് തന്നെ ഇത് അവസാനിപ്പിച്ചിരിക്കുകയാണ് എന്നാണ് ഇറാന്റെ അറ്റോര്‍ണി ജനറല്‍ മുഹമ്മദ് ജാഫര്‍ മോണ്ടസേരി പ്രഖ്യാപിച്ചത്. എന്നാല്‍ ഇത് വിലയ്ക്കെടുക്കാനാവില്ലെന്നാണ് പ്രക്ഷോഭകര്‍ ആവര്‍ത്തിക്കുന്നത്. ശാശ്വതമായ മാറ്റം രാജ്യത്ത് വരാതെ സമരത്തില്‍ നിന്ന് പിന്‍മാറുന്നത് അബദ്ധമാണെന്ന് പ്രതിഷേധക്കാര്‍ ചൂണ്ടിക്കാണിക്കുന്നു.
മഹ്‌സ അമീനിയെന്ന 22 കാരിയുടെ മരണത്തിന് പിന്നാലെയാണ് ഇറാനില്‍ മതനിയമങ്ങള്‍ക്കെതിരെ ജനങ്ങള്‍ തെരുവില്‍ ഇറങ്ങിയത്. ഹിജാബ് ധരിച്ചില്ലെന്ന് ആരോപിച്ച് മതകാര്യ പോലീസ് കസ്റ്റഡിയിലെടുത്തതിന് പിന്നാലെയായിരുന്നു അമീനി കൊല്ലപ്പെട്ടത്. തുടര്‍ന്ന് സ്ത്രീകളും വിദ്യാര്‍ത്ഥിനികളും അടക്കം പ്രതിഷേധങ്ങളുമായി തെരുവിലിറങ്ങി. പോലീസിനെ ഉപയോഗിച്ച് നിയന്ത്രിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതോടെയാണ് മതകാര്യ പോലീസിനെ പിന്‍വലിക്കുമെന്ന് ഇറാന്‍ ഇന്നലെ വ്യക്തമാക്കിയത്.