ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രിയെ കണ്ടെത്താനുള്ള ചര്‍ച്ചകള്‍ക്ക് ഹൈക്കമാന്‍ഡ് ഇന്ന് തുടക്കമിടും. മുന്‍ മുഖ്യമന്ത്രി വീരഭദ്ര സിംഗിന്റെ സംഭാവനകളെ മാനിച്ച് കുടുംബത്തിന് മുഖ്യമന്ത്രി പദം നല്‍കണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ് പ്രതിഭാസിംഗ്. കൂടുതല്‍ എംഎല്‍എമാരുടെ പിന്തുണയുണ്ടായതിനാല്‍ സുഖ്‌വിന്ദര്‍ സിംഗ് സുഖുവിനെ ഹൈക്കമാന്‍ഡിന് തള്ളിക്കളയാകാനാകില്ല.മാണ്ഡിയിലെ എംപി സ്ഥാനം രാജിവച്ച് പ്രതിഭാ സിംഗിനെ മുഖ്യമന്ത്രിയാക്കുന്നതിലും മുതിര്‍ന്ന നേതാക്കളെ മാറ്റിനിര്‍ത്തി വിക്രമാദിത്യ സിംഗിനെ മുഖ്യമന്ത്രിയാക്കുന്നതിലും ഹൈക്കമാഡിന് യോജിപ്പുമില്ല. ഇന്ന് നിരീക്ഷകര്‍ സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ട് വിശദമായി പരിശോധിച്ച ശേഷമായിരിക്കും ഹൈക്കമാന്‍ഡ് ചര്‍ച്ചകളിലേക്ക് കടക്കുക. ഇന്നലെ ചേര്‍ന്ന കോണ്‍ഗ്രസ് നിയമസഭാ കക്ഷിയോഗം ഒറ്റവരി പ്രമേയം പാസാക്കിയാണ് പിരിഞ്ഞത്.
ഹിമാചലില്‍ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നതില്‍ കോണ്‍ഗ്രസില്‍ പ്രതിസന്ധിയില്ലെന്ന് മുതിര്‍ന്ന നേതാവ് സുഖ്‌വിന്ദര്‍ സിംഗ് പറഞ്ഞു . ഹൈക്കമാന്‍ഡിന്റെ നിര്‍ദേശം എന്തുതന്നെയായാലും അംഗീകരിക്കും. തനിക്കായി എംഎല്‍എമാര്‍ സമ്മര്‍ദം ചെലുത്തിയതിനെ കുറിച്ച് അറിയില്ലെന്നും കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റ് സുഖ്‌വിന്ദര്‍ സിംഗ് പ്രതികരിച്ചു