മോൺട്രിയൽ (കാനഡ)∙ ലോകത്തെ ഏറ്റവും ശക്തമായ പാസ്പോർട്ട് യുഎഇയുടേതെന്ന് റിപ്പോർട്ട്. യുഎഇ പാസ്പോർട്ട് ഉള്ളയാൾക്ക് 180 രാജ്യങ്ങളിൽ സങ്കീർണതകൾ കൂടാതെ പ്രവേശിക്കാൻ കഴിയും. യുഎഇ പാസ്പോർട്ട് ഉപയോഗിച്ച് 121 രാജ്യങ്ങളിൽ വീസയില്ലാതെ പ്രവേശിക്കാം. 59 രാജ്യങ്ങളിൽ വീസ ഓൺ അറൈവൽ ആയും ലഭിക്കും. അതായത് വെറും 19 രാജ്യങ്ങളിൽ പ്രവേശിക്കുന്നതിനു മാത്രമാണ് യുഎഇ പാസ്പോർട്ടുള്ളവർ വീസയ്ക്കായി അപേക്ഷിക്കേണ്ടത്. ലോകത്തെ 91% രാജ്യങ്ങളിലും യുഎഇ പാസ്പോർട്ട് ഉള്ളവർക്ക് സുഗമമായി കടന്നുചെല്ലാം. മോൺട്രിയൽ ആസ്ഥാനമായ സിറ്റിസൺഷിപ്പ് ഫിനാൻഷ്യൽ അഡ്വൈസറി സ്ഥാപനം ആർട്ടൺ കാപിറ്റൽ പുറത്തിറക്കിയ പാസ്പോർട്ട് ഇൻഡെക്സ് ആണ് ഈ റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്.
അതേസമയം, ശക്തമായ പാസ്പോർട്ടിന്റെ പട്ടികയിൽ ഇന്ത്യയുടെ റാങ്ക് 69 ആണ്. വീസയില്ലാതെ 24 രാജ്യങ്ങളിൽ ഇന്ത്യൻ പാസ്പോർട്ട് ഉപയോഗിച്ച് പ്രവേശിക്കാം. 48 രാജ്യങ്ങളിൽ ഓൺ അറൈവൽ വീസ ലഭിക്കും. 126 രാജ്യങ്ങളിൽ വീസയ്ക്ക് അപേക്ഷ നൽകി അതനുവദിച്ചു കിട്ടിയാൽ മാത്രമേ പ്രവേശനം അനുവദിക്കൂ. ഇന്ത്യയ്ക്കൊപ്പം 69ാം റാങ്കിൽ ഗാംബിയ, ടാൻസാനിയ, ഘാന, ഉസ്ബെക്കിസ്ഥാൻ, കിർഗിസ്ഥാൻ, സാവോ ടോം ആൻഡ് പ്രിൻസിപ് എന്നീ രാജ്യങ്ങളും ഇടംപിടിച്ചിട്ടുണ്ട്.മൂന്നാം റാങ്കുള്ള യുഎസിന്റെ പാസ്പോർട്ട് ഉപയോഗിച്ച് 116 രാജ്യങ്ങളിൽ വീസയില്ലാതെ പ്രവേശിക്കാം. 56 രാജ്യങ്ങളിൽ വീസ ഓൺ അറൈവൽ ആയി ലഭിക്കും. അമേരിക്കൻ പൗരന്മാർ അപേക്ഷിച്ചാൽ മാത്രം വീസ അനുവദിക്കുന്ന 26 രാജ്യങ്ങളും ഉണ്ട്. യുഎസ് പാസ്പോർട്ട് ഉപയോഗിച്ച് ലോകത്ത് 83% ഇടങ്ങളിൽ സുഗമമായി പ്രവേശിക്കാൻ കഴിയുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
ഐക്യരാഷ്ട്ര സംഘടനയിൽ (യുഎൻ) അംഗങ്ങളായ 139 രാജ്യങ്ങളെയും അംഗത്വത്തിനു പരിഗണിക്കുന്ന ആറു പ്രദേശങ്ങളെയും അടിസ്ഥാനമാക്കിയാണ് ആർട്ടൺ കാപിറ്റൽ പട്ടിക പുറത്തിറക്കിയിരിക്കുന്നത്. സർക്കാരുകൾ പുറത്തുവിടുന്ന ഔദ്യോഗിക വിവരങ്ങളും ക്രൗഡ് സോഴ്സിങ് വഴി ലഭ്യമാകുന്ന തൽസമയ വിവരങ്ങളും ആശ്രയിക്കാവുന്ന സോഴ്സുകളിൽനിന്നു ലഭ്യമായതും വച്ചാണ് ആര്‍ട്ടൺ പട്ടിക തയാറാക്കിയിരിക്കുന്നത്. മൂന്നുതലത്തിലെ പരിശോധനകൾക്കൊടുവിലാണ് രാജ്യങ്ങളെ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
യുഎഇക്കു പിന്നാലെ ആദ്യ പത്തിൽ സ്ഥാനം പിടിച്ചിരിക്കുന്നത് മിക്കതും യൂറോപ്യൻ യൂണിയൻ രാജ്യങ്ങളാണ്. രണ്ടാം റാങ്കിൽ ജർമനി, സ്വീഡൻ, ഫിൻലൻഡ്, ലക്സംബർഗ്, സ്പെയിൻ, ഫ്രാൻസ്, ഇറ്റലി, നെതർലൻഡ്സ്, ഓസ്ട്രിയ, സ്വിറ്റ്സർലൻഡ്, ദക്ഷിണ കൊറിയ എന്നിവയും ഉണ്ട്. യുകെ നാലാം റാങ്കിലാണ്. ഇസ്രയേൽ – 17, യുക്രെയ്ൻ – 20, വത്തിക്കാൻ – 21, റഷ്യ – 38, ചൈന – 59, നേപ്പാൾ – 86 ഉത്തര കൊറിയ – 91, ബംഗ്ലദേശ് – 92. പട്ടികയിൽ ഏറ്റവും അവസാനം അഫ്ഗാനിസ്ഥാനാണ് (97). പാക്കിസ്ഥാന്റെ റാങ്ക് 94 ആണ്.
24ാം സ്ഥാനത്തുള്ള ജപ്പാന്റെ പാസ്പോർട്ട് ഉപയോഗിച്ച് 171 രാജ്യങ്ങളിൽ സുഗമമായി പ്രവേശിക്കാൻ കഴിയും. അതേസമയം, ഹെൻലെ ആൻഡ് പാർട്നേഴ്സ് പുറത്തിറക്കിയ പട്ടികയിൽ ജപ്പാൻ പാസ്പോർട്ടാണ് ലോകത്തിലെ ഏറ്റവും മികച്ചത് എന്ന് കണ്ടെത്തിയിട്ടുണ്ട്.