പ്രതാപ് പോത്തന് ശ്രദ്ധാഞ്ജലി; ചലച്ചിത്ര മേളയിൽ ‘കാഫിർ’ പ്രദർശിപ്പിക്കും

അന്തരിച്ച നടൻ പ്രതാപ് പോത്തന് രാജ്യാന്തര മേളയിൽ ഇന്ന് ആദരമൊരുക്കും. വിനോദ് കരിക്കോട് സംവിധാനം ചെയ്ത കാഫിർ എന്ന ചിത്രം പ്രദർശിപ്പിക്കും.ഉച്ചക്ക് 12ന് കലാഭവനിലാണ് പ്രദർശനം നടക്കുക. കാൽ നൂറ്റാണ്ടിന് ശേഷം പ്രതാപ് പോത്തൻ നായക കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമാണ് കാഫിർ.

ചിത്രം പ്രദർശിപ്പിക്കുന്നതിന് മുൻപായി ഇ.പി രാജഗോപാൽ എഡിറ്റ് ചെയ്ത ‘ഋതുഭേദങ്ങളിലൂടെ പ്രതാപ് പോത്തൻ’ എന്ന പുസ്‌തകത്തിന്റെ പ്രകാശനം ഉണ്ടാകും. പ്രതാപ് പോത്തന്റെ മകൾ കേയ ചടങ്ങിൽ പങ്കെടുക്കും.

താടിയുള്ളവരെ ഭയപ്പെടുന്ന രഘു എന്ന ഗൃഹനാഥന്റെ കഥയാണ് ചിത്രം. സാമൂഹിക ബന്ധമില്ലാതെ ജീവിക്കുന്ന ഒരു മധ്യവസ്കൻ, താടിയുള്ളവരോട് ഇയാൾ ദേഷ്യവും വെറുപ്പും പ്രകടിപ്പിക്കുന്നതിലൂടെയാണ് ചിത്രം വികസിക്കുന്നത്. താടി വെച്ച് നടക്കുന്നവരെല്ലാം ബോംബ് വെക്കുന്നവരാണെന്ന ചിന്താഗതിയുള്ള രഘുവിന്റെ ജീവിതത്തിൽ സംഭവിക്കുന്ന മാറ്റങ്ങളാണ് ചിത്രം ചർച്ചചെയ്യുന്നത്.