ദേശീയ രാഷ്ട്രീയത്തില്‍ പ്രിയങ്ക ഗാന്ധി കൂടുതല്‍ സജീവമാകുന്നു,ഉത്തരേന്ത്യയിൽ പാർട്ടിയുടെ ചുമതല വഹിക്കും

ന്യൂഡൽഹി : 2024ല്‍ നടക്കാനിരിയ്ക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിനായി തയ്യാറാക്കിയ പ്രത്യേക പദ്ധതികളുടെ ഭാഗമായി രാഹുൽ ഗാന്ധി ദക്ഷിണേന്ത്യയുടെ ചുമതലയും പ്രിയങ്ക ഗാന്ധി ഉത്തരേന്ത്യയിൽ പാർട്ടിയുടെ ചുമതലയും വഹിക്കും.പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ ഹിമാചല്‍പ്രദേശ് നിയമസഭ തിരഞ്ഞെടുപ്പില്‍ നേടിയ വിജയം പാര്‍ട്ടിയ്ക്ക് കൂടുതല്‍ ആത്മവിശ്വാസം പകർന്നിട്ടുണ്ട്.

സൂചനകള്‍ അനുസരിച്ച് 2024 ലോക്സഭാ തിരഞ്ഞെടുപ്പില്‍ പ്രിയങ്ക ഗാന്ധിയും മത്സരിക്കും.ഹിമാചൽ പ്രദേശിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധി വളരെ ശക്തമായി പ്രചാരണം നടത്തിയിരുന്നു, ഇതിന്‍റെ നേട്ടം കോൺഗ്രസിന് ലഭിക്കുകയും ചെയ്തു.ഹിമാചലെ കോൺഗ്രസ്സിന്റെ വിജയത്തിനു പിന്നാലെയാണ് അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഉത്തരവാദിത്തം പങ്കിടുക എന്ന ആശയം പാര്‍ട്ടി സ്വീകരിച്ചത്.

കഴിഞ്ഞ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടിക്ക് നേട്ടമുണ്ടായില്ലെങ്കിലും പ്രിയങ്ക ഗാന്ധിയുടെ കഠിനാധ്വാനത്തിന് ഒരു കുറവുമുണ്ടായില്ല. പ്രിയങ്ക ഗാന്ധി ചുമതലയേറ്റാൽ യുപി ഉൾപ്പെടെ ഉത്തരേന്ത്യയിൽ പാർട്ടിക്ക് നേട്ടമുണ്ടാകുമെന്ന് പാർട്ടി നേതാക്കൾ പറയുന്നു.രാഹുല്‍ ഗാന്ധി ദക്ഷിണേന്ത്യയില്‍ ശ്രദ്ധ കേന്ദ്രീകരിയ്ക്കും…

സോണിയ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലി സീറ്റിൽ പ്രിയങ്ക ഗാന്ധി മത്സരിച്ചേക്കുമെന്നും സൂചനകള്‍ പുറത്തുവരുന്നുണ്ട്. രാഹുൽ ഗാന്ധി ഇനി ദക്ഷിണേന്ത്യയിലും പ്രിയങ്ക ഗാന്ധി ഉത്തർപ്രദേശ് അടക്കം ഉത്തരേന്ത്യയിലും ചുമതലയേൽക്കുമെന്ന് പ്രിയങ്ക ഗാന്ധിയുടെ പിആർ ടീമിലെ ആളുകൾ അവകാശപ്പെടുന്നു. ബിജെപിയുടെ തന്ത്രം തകർക്കാനാണ് പ്രിയങ്കയുടെ ശ്രമം.