പാകിസ്ഥാനിൽ അമേരിക്കൻ പൗരന്മാരെ ആക്രമിക്കാൻ നീക്കമുണ്ടെന്ന മുന്നറിയിപ്പുമായി യു എസ് എംബസ്സി

ലാഹോർ : ഇസ്ലാമബാദിൽ ചാവേർ സ്ഫോടനത്തിൽ ഒരു പോലീസ്‌കാരൻ കൊല്ലപ്പെട്ട്‌ രണ്ടു ദിവസങ്ങൾക്കുള്ളിൽ മറ്റൊരു ഭീകര സ്പോടനത്തിനുള്ള സാദ്ധ്യതയുണ്ടെന്ന പ്രസ്‍താവനയുമായി യു എസ് എംബസ്സി. ഇസ്ലാമാബാദിലെ പഞ്ചനക്ഷത്ര ഹോട്ടലായ മാരിയറ്റിൽ അമേരിക്കൻ പൗരൻമാർക്ക് നേരെ ഭീകരാക്രമണമുണ്ടായേക്കാമെന്നും അവിടെയുള്ള അമേരിക്കക്കാർ മാരിയറ്റ് ഹോട്ടൽ സന്ദർശിക്കുന്നത് വിലക്കിക്കൊണ്ടും യു എസ് എംബസ്സി പ്രസ്താവനയിറക്കി.

ഈ അവധിക്കാലത്ത് ഇസ്ലാമാബാദിലെ മാരിയറ്റ് ഹോട്ടലിൽ വെച്ച് അജ്ഞാതരായ ചിലർ അമേരിക്കൻ പൗരന്മാരെ ആക്രമിക്കാൻ ഗൂഢാലോചന നടക്കുന്നുവെന്ന വിവരം യു എസ് സർക്കാരിന് ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പാകിസ്താനിലുള്ള എല്ലാ അമേരിക്കക്കാരും ജാഗ്രതയായിരിക്കണമെന്നും മാരിയറ്റ് ഹോട്ടൽ സന്ദർശനം ഒഴിവാക്കണമെന്നും യു എസ് എംബസ്സി നിർദ്ദേശിക്കുന്നു.

ആരാധനാലയങ്ങൾ , ജനക്കൂട്ടമുള്ള സ്ഥലങ്ങൾ ,ഹോട്ടലുകൾ , മറ്റു പരിപാടികളിൽ പങ്കെടുക്കൽ ഇവ നിർബന്ധമായും ഒഴിവാക്കണമെന്നും യു എസ് എംബസ്സി പറയുന്നു .നഗരത്തിൽ ആളുകൾ ഒത്തു ചേരുന്നതും പൊതുയോഗങ്ങളും നിരോധിച്ചിരിക്കുകയാണ്.ചാവേർ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇസ്ലാമബാദിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.