യുക്രെയ്ൻ നഗരങ്ങളി‍ൽ റഷ്യൻ മിസൈൽ മഴ

കീവ് ∙ യുക്രെയ്ൻ നഗരങ്ങളിൽ നൂറ്റിഇരുപതിലേറെ മിസൈൽ വർഷിച്ച് റഷ്യ ആക്രമണം ശക്തമാക്കി. തലസ്ഥാന നഗരമായ കീവിൽ പതിനാലുകാരി ഉൾപ്പെടെ 3 പേർക്ക് പരുക്കേറ്റു. വൈദ്യുതി, ജലവിതരണ സംവിധാനം പലയിടത്തും തകർന്നു.

വരും ദിവസങ്ങളിൽ നഗരത്തിലെങ്ങും വൈദ്യുതി, ജലവിതരണം തടസ്സപ്പെട്ടേക്കുമെന്ന് മേയർ വിറ്റാലി ക്ലിറ്റ്ച്കോ മുന്നറിയിപ്പു നൽകി. കഴിഞ്ഞ ദിവസങ്ങളി‍ൽ പോരാട്ട മേഖലയിൽ പലയിടത്തും തിരിച്ചടി നേരിട്ടതിനെ തുടർന്ന് റഷ്യ മിസൈൽ ആക്രമണം ശക്തമാക്കുകയായിരുന്നു. കീവ്, ഹർകീവ്, ലിവിവ്, ഒഡേസ, ഡിനിപ്രോപെട്രോവിസ്ക് എന്നീ നഗരങ്ങളിലാണ് കൂടുതൽ മിസൈലുകൾ പതിച്ചത്. അടിസ്ഥാനസൗകര്യങ്ങൾ തകർക്കാൻ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ഒട്ടേറെ കെട്ടിടങ്ങളും തകർന്നു.

ഇതേസമയം, യുക്രെയ്നിന്റെ വ്യോമ പ്രതിരോധ സംവിധാനമായ എസ്–300 മിസൈൽ ബെലാറൂസിൽ പതിച്ചതായി ബെൽറ്റ വാ‍ത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. റഷ്യയുടെ മിസൈൽ ആക്രമണം നടക്കുന്നതിനിടെയാണ് ഇതെന്നും മിൻസ്ക് പ്രതിരോധ മന്ത്രാലയം അറിയിച്ചു.

മോസ്കോയിൽ നിന്ന് 730 കിലോമീറ്റർ അകലെയുള്ള സറട്ടോവിലെ എംഗൽസ് വ്യോമസേനാ താവളം ആക്രമിക്കാനെത്തിയ ഡ്രോൺ റഷ്യ വെടിവച്ചിട്ടതായി സറട്ടോവ് ഗവർണർ റോമൻ ബുസാർഗിൻ അറിയിച്ചു.