ബോക്സ് ഓഫീസ് താണ്ഡവം; അവതാർ ദി വേ ഓഫ് വാട്ടറിന്‍റെ കളക്ഷൻ വൺ ബില്ല്യൺ യുഎസ് ഡോളർ പിന്നിട്ടു

ജെയിംസ് കാമറൂണിന്‍റെ സംവിധാനത്തിൽ പുറത്തിറങ്ങിയ അവതാർ ദി വേ ഓഫ് വാട്ടറെന്ന ചിത്രം ഗ്ലോബൽ ബോക്സ് ഓഫീസിൽ കളക്ഷൻ വൺ ബില്ല്യൺ യു.എസ് ഡോളർ പിന്നിട്ടു. ചിത്രം പുറത്തിറങ്ങി വെറും 14 ദിവസങ്ങൾക്കുള്ളിലാണ് അവതാർ ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. ഇതോടെ ഈ വർഷം ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ വൺ ബില്ല്യൺ ക്ലബ്ബിൽ കയറുന്ന ചിത്രമായി ; അവതാർ ദി വേ ഓഫ് വാട്ടർ മാറി. സർവ്വകാല റെക്കോഡ് നോക്കിയാൽ വേഗത്തിൽ വൺ ബില്ല്യൺ കളക്ഷൻ നേടുന്ന ആറാമത്തെ ചിത്രമാണ് അവതാര്‍ ദി വേ ഓഫ് വാട്ടർ.

2018 ൽ പുറത്തിറങ്ങിയ ജുറാസിക് വേൾഡ് ഫാളെൻ കിംഗ്ഡവും 14 ദിവസങ്ങൾ കൊണ്ടാണ് ഗ്ലോബൽ ബോക്സ് ഓഫീസിൽ വൺ ബില്ല്യൺ കളക്ഷനിൽ എത്തിച്ചേർന്നത്. നിലവിൽ കോവിഡ് ലോക്ഡൗണിന് ശേഷം പുറത്തിറങ്ങുന്ന ചിത്രങ്ങളിൽ ഏറ്റവും കൂടുതൽ കളക്ഷൻ ലഭിക്കുന്ന മൂന്നാമത്തെ സിനിമയാണ് അവതാർ ദി വേ ഓഫ് വാട്ടർ. സ്പൈഡർമാൻ നോ വേ ഹോം, ജുറാസിക് വേൾഡ് ഡോമീനിയൻ എന്നീ ചിത്രങ്ങളാണ് ഈ പട്ടികയിൽ ആദ്യ രണ്ട് സ്ഥാനത്ത് നിൽക്കുന്നത്.അവതാർ ദി വേ ഓഫ് വാട്ടർ ഉടൻ തന്നെ ജുറാസിക് വേൾഡ് ഡൊമീനിയന്‍റെ കളക്ഷൻ റെക്കോർഡ് മറികടക്കുമെന്നാണ് സൂചന. ഈ ലിസ്റ്റിൽ ഒന്നാം സ്ഥാനത്തുള്ള ചിത്രം സ്പൈഡർമാൻ നോ വേ ഹോം ആണ്. കഴിഞ്ഞ വർഷം ഡിസംബറിൽ പുറത്തിറങ്ങിയ ഈ ചിത്രം സോകമെമ്പാട് നിന്നും 1.91 ബില്ല്യൺ യു.എസ് ഡോളറിന്‍റെ കളക്ഷൻ സ്വന്തമാക്കി. വെറും 12 ദിവസം കൊണ്ടാണ് നോ വേ ഹോം വൺ ബില്ല്യൺ ക്ലബ്ബിൽ ഇടം നേടുന്നത്.

2009 ൽ പുറത്തിറങ്ങിയ ജെയിംസ് കാമറൂൺ ചിത്രം അവതാറാണ് ഇപ്പോഴും ലോക ബോക്സ് ഓഫീസ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്. വേ ഓഫ് വാട്ടറിന്‍റെ ആദ്യ ഭാഗം അവതാർ, ലോകമെമ്പാട് നിന്നും 2.97 ബില്ല്യൺ യു.എസ് ഡോളറിന്‍റെ കളക്ഷനാണ് സ്വന്തമാക്കിയത്. ഇടയ്ക്ക് അവഞ്ചേഴ്സ് എൻഡ് ഗെയിം ഇതിനെ മറി കടന്ന് ലോകത്ത് ഏറ്റവും കൂടുതൽ കളക്ഷൻ ലഭിക്കുന്ന ചിത്രമായി മാറിയിരുന്നു എങ്കിലും അവതാർ ഈ വർഷം റീ റിലീസ് ചെയ്തതോടെ വീണ്ടും ഒന്നാം സ്ഥാനത്തേക്ക് വന്നു