60 കഴിഞ്ഞവർ കരുതൽ ഡോസ് എടുക്കേണ്ടതാണ്

തിരുവനന്തപുരം ∙ 60 വയസ്സു കഴിഞ്ഞവരും അനുബന്ധരോഗങ്ങൾ ഉള്ളവരും കോവിഡ് മുന്നണി പ്രവർത്തകരും അടിയന്തരമായി കരുതൽ ഡോസ് വാക്സീൻ (മൂന്നാം ഡോസ്) എടുക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകനയോഗം നിർദേശിച്ചു. ആൾക്കൂട്ടം ഉണ്ടാവുന്ന പ്രദേശങ്ങൾ, എസി മുറികൾ, പൊതു ഇടങ്ങൾ എന്നിവിടങ്ങളിൽ മാസ്ക് ധരിക്കണം.

പുതിയ വൈറസ് വകഭേദത്തിനു വലിയ വ്യാപനശേഷി ഉള്ളതിനാൽ ജാഗ്രത പുലർത്തണമെന്നു മുഖ്യമന്ത്രി അഭ്യർഥിച്ചു. കോവിഡുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ നൽകുന്ന നിർദേശങ്ങൾ അതേ രീതിയിൽ നടപ്പാക്കാൻ ശ്രദ്ധിക്കണമെന്നും നിർദേശിച്ചു.സംസ്ഥാനത്തു ദിവസം ശരാശരി 7000 പരിശോധനകൾ നടക്കുന്നതായി മന്ത്രി വീണാ ജോർജ് അറിയിച്ചു. നിലവിൽ 474 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളതിൽ 72 പേർ ആശുപത്രിയിൽ കഴിയുന്നു. 13 പേർ ഐസിയുവിൽ.

എല്ലാ ജില്ലാ ആശുപത്രികളിലും ഓക്സിജൻ പ്ലാന്റുകൾ സ്ഥാപിച്ചു. മരുന്ന്, മാസ്ക്, പിപിഇ കിറ്റ് എന്നിവ ആവശ്യാനുസരണം ലഭ്യമാക്കാൻ കേരള മെഡിക്കൽ സർവീസ് കോർപറേഷന് നിർദേശം നൽകി. വാക്സീൻ ലഭ്യമാക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടു.