സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കാൻ സി പി എം സെക്രട്ടറിയേറ്റ് തീരുമാനം

തിരുവനന്തപുരം : കഴിഞ്ഞ ദിവസം ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ ഭരണഘടനാ വിരുദ്ധപരാമർശത്തിൽ പുറത്തായ മുൻ മന്ത്രി സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കാൻ തീരുമാനം. ജനുവരി 23ന് നിയമസഭാ സമ്മേളനം തുടങ്ങുന്നതിന് മുൻപായി സജി ചെറിയാന്‍റെ സത്യപ്രതിജ്ഞ നടക്കട്ടെയെന്ന് സി പി എം സെക്രട്ടറിയേറ്റ്.സത്യപ്രതിജ്ഞയുടെ തീയതി മുഖ്യമന്ത്രി തീരുമാനിക്കാൻ യോഗത്തിൽ ധാരണയായി.ഗവര്‍ണറുടെ സൗകര്യവും കൂടി നോക്കി തിയതി തീരുമാനിക്കാന്‍ ആണ് സിപിഎം സെക്രട്ടേറിയറ്റ് നിർദേശിച്ചത്.

ജൂലൈ മൂന്നിന് മല്ലപ്പള്ളിയില്‍ നടത്തിയ ഭരണഘടനാ വിരുദ്ധ പരാമര്‍ശത്തെ തുടര്‍ന്നാണ് സജി ചെറിയാന് മന്ത്രിസ്ഥാനത്തുനിന്ന് രാജിവെക്കേണ്ടിവന്നത്. സജി ചെറിയാന്‍ വിവാദ പ്രസംഗത്തിന്റെ പേരില്‍ രാജി വെച്ചപ്പോള്‍ അദ്ദേഹത്തിന് പകരം മറ്റൊരു മന്ത്രിയെ ഉള്‍പ്പെടുത്തിയിരുന്നില്ല. പകരം സജി ചെറിയാന്‍ കൈകാര്യം ചെയ്തിരുന്ന വകുപ്പുകള്‍ മറ്റ് മന്ത്രിമാര്‍ക്കായി പകുത്തു നല്‍കുകയാണ് ചെയ്തത്.

തൊഴിലാളികളെ സംബന്ധിച്ച് പ്രസംഗിച്ചപ്പോള്‍ ഭരണഘടനയെ വിമർശിച്ചു എന്നാണ് പൊലീസ് കോടതിയിൽ നൽകിയ റിപ്പോർട്ട്.ഈ വിവാദ പ്രസംഗവുമായി ബന്ധപ്പെട്ട് എംഎല്‍എ സ്ഥാനത്തുനിന്ന് അയോഗ്യനാക്കണമെന്നുള്ള ഹര്‍ജികള്‍ ഹൈക്കോടതി തള്ളിയിരുന്നു.തുടർന്ന് കേസ് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് പോലീസ് തിരുവല്ല ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കുകയും ചെയ്തിരുന്നു.