പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ ടീമുകള്‍ ഇന്നിറങ്ങും; ബ്രൈറ്റണ്‍- ആഴ്‌സനല്‍ പോരാട്ടവും ഇന്ന്

ലണ്ടന്‍: വര്‍ഷാന്ത്യ ദിനത്തില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കരുത്തര്‍ കളത്തിലിറങ്ങും. പോയിന്റ് നിലയില്‍ ആദ്യ 5 സ്ഥാനങ്ങളിലുള്ള നാല് ടീമുകള്‍ക്ക് ഇന്ന് മത്സരമുണ്ട്. ഇന്ത്യന്‍ സമയം വൈകീട്ട് ആറ് മണിക്ക് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, എവേ മത്സരത്തില്‍ വൂള്‍വ്‌സിനെ നേരിടും. രാത്രി 8.30ന് നിലവിലെ ജേതാക്കളായ മാഞ്ചസ്റ്റര്‍ സിറ്റി, സ്വന്തം തട്ടകത്ത് എവേര്‍ട്ടനുമായി ഏറ്റുമുട്ടും. കഴിഞ്ഞ അഞ്ച് മത്സരങ്ങളിലും ജയം സ്വന്തമാക്കിയ ന്യൂകാസിലിന്റെ എതിരാളികള്‍ ലീഡ്‌സ് യുണൈറ്റഡ് ആണ്.

രാത്രി 11 മണിക്ക് ആഴ്‌സനല്‍, ബ്രൈറ്റണിനെ നേരിടുന്നതോടെ ലീഗില്‍ ഈ വര്‍ഷത്തെ മത്സരങ്ങള്‍ അവസാനിക്കും. ഇന്നലെ ലിവര്‍പൂള്‍ ഒന്നിനെതിരെ രണ്ട് ഗോളിന് ലെസ്റ്റര്‍ സിറ്റിയെ തോല്‍പ്പിച്ചു. വൂട്ട് ഫേസിന്റെ ഇരട്ട സെല്‍ഫ് ഗോളുകളാണ് ലിവര്‍പൂളിന് ജയമൊരുക്കിയത്. 15 കളിയില്‍ 40 പോയിന്റുള്ള ആഴ്‌സനല്‍ ഇന്ന് തോറ്റാലും ഒന്നാം സ്ഥാനക്കാരായി പുതുവര്‍ഷത്തിലേക്ക് കടക്കുമെന്ന് ഉറപ്പാക്കിയിട്ടുണ്ട്. രണ്ടാം സ്ഥാനക്കാരായ സിറ്റിക്ക് നിലവില്‍ 35 പോയിന്റാണുള്ളത്.

റയല്‍ ഒന്നാമത്

ലാ ലിഗയില്‍ റയല്‍ വല്ലാഡോളിഡിനെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ച് റയല്‍ ഒന്നാമതെത്തി. കരിം ബെന്‍സേമയുടെ ഇരട്ട ഗോളാണ് റയലിന് ജയമൊരുക്കിയത്. 38 പോയിന്റാണ് റയലിനുള്ളത്. 37 പോയിന്റുള്ള ബാഴ്‌സ ഇന്ന് എസ്പാന്യോളിനെ നേരിടും. ഇന്ന് ജയിച്ചാല്‍ ബാഴ്‌സയ്ക്ക് ഒന്നാംസ്ഥാം തിരിച്ചുപിടിക്കാം.

ക്രിസ്റ്റ്യാനോ അല്‍ നാസറില്‍

അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് പോര്‍ച്ചുഗീസ് സുപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സൗദി അറേബ്യന്‍ ക്ലബായ അല്‍ നാസറില്‍. ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ ചരിത്രനീക്കം പങ്കുവച്ച അല്‍ നാസര്‍, റൊണാള്‍ഡോയുടെ വരവ് ക്ലബിന് മാത്രമല്ല രാജ്യത്തിനും വരും തലമുറയ്ക്കും പ്രചോദനമാകുമെന്ന് കൂട്ടിചേര്‍ത്തു. ക്ലബിന്റെ ഏഴാം നമ്പര്‍ ജേഴ്‌സിയും കയ്യിലേന്തിയുള്ള റൊണാള്‍ഡോയുടെ ചിത്രവും പങ്കുവച്ചു. മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായുള്ള കരാര്‍ നവംബറിലാണ് റൊണാള്‍ഡോ അവസാനിപ്പിച്ചത്. 37 കാരനായ റൊണാള്‍ഡോയ്ക്ക് 1745 കോടി രൂപയായിരിക്കും പരസ്യവരുമാനമടക്കം രണ്ടുവര്‍ഷത്തേക്ക് ലഭിക്കുക. റൊണാള്‍ഡോ സൗദി ക്ലബില്‍ ചേര്‍ന്നതോടെ താരത്തിന്റെ ചാംപ്യന്‍സ് ലീഗ് മോഹങ്ങള്‍ കൂടിയാണ് അവസാനിക്കുന്നത്.