കുടുംബ പ്രശ്നം; വീട്ടുകാരെ ഭയപ്പെടുത്താൻ മൊബൈല്‍ ടവറില്‍ കയറിയ യുവാവിനെ സാഹസികമായി ഇറക്കി

മദ്യപിച്ച ശേഷം 120 അടി ഉയരമുള്ള മൊബൈല്‍ ടവറിലേക്ക് വലിഞ്ഞ് കയറിയ ഇയാള്‍ ആത്മഹത്യാ ഭീഷണി മുഴക്കിയെങ്കിലും സുഹൃത്ത് വിളിച്ചപ്പോള്‍ പകുതിയോളം താഴേയ്ക്ക് ഇറങ്ങിവന്നു. ഹരിപ്പാട്: ആത്മഹത്യ ഭീഷണി മുഴക്കി മൊബൈൽ ടവറിന് മുകളിൽ കയറിയ യുവാവിനെ സാഹസികമായി താഴെയിറക്കി. നങ്ങ്യാർകുളങ്ങര കോട്ടയ്ക്കകം കറുകത്തറയിൽ ജാൻസൺ (27) ആണ് കഴിഞ്ഞ ദിവസം വൈകിട്ട് 7 മണിയോടെ വീടിന് സമീപത്തെ 120 അടിയോളം ഉയരമുള്ള മൊബൈൽ ടവറിന്‍റെ മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്. കുടുംബ പ്രശ്നത്തെ തുടർന്ന് വീട്ടുകാരെ ഭയപ്പെടുത്താൻ വേണ്ടിയാണ് ഡോഗ് ട്രയിനറായ ഇയാൾ ആത്മഹത്യാ ഭീഷണി മുഴക്കി ടവറിന് മുകളിൽ കയറിയത്.

ജാൻസൺ മദ്യപിച്ചിരുന്നതായി ഹരിപ്പാട് പൊലിസ് പറഞ്ഞു. സുഹൃത്ത് വിളിച്ചതനുസരിച്ച് ടവറിന്‍റെ പകുതി ഭാഗത്തേക്ക് ഇറങ്ങി വന്ന ഇയാളെ അഗ്നിശമന സേനാംഗങ്ങളായ എസ്. ഉണ്ണിമോൻ, എം. മനേഷ്, ശശീന്ദ്രൻ എന്നിവർ ടവറിൽ കയറി സാഹസികമായി പിടികൂടി താഴെ ഇറക്കുകയായിരുന്നു. ഇയാൾ ടവറിന് മുകളിൽ നിന്ന് താഴേക്ക് ചാടിയാൽ പരിക്കേൽക്കാതിരിക്കാൻ അഗ്നിശമന സേന ടവറിന് ചുറ്റും സുരക്ഷിത വലയം ഒരുക്കിയിരുന്നു. അസി. സ്റ്റേഷൻ ഫയർ ഓഫീസർമാരായ ബിനുകുമാർ, ജയ്സൺ പി. ജോൺ എന്നിവരുടെ നേതൃത്വത്തിൽ ഷിജുമോൻ. എം. ബി, എസ്. പ്രമോദ്, റീഗൻ. പി. എസ്, ശ്രീജിത്ത്. എസ്, മനേഷ്. എം, വിഷ്ണു.വി, ഉണ്ണിമോൻ എ എന്നിവർ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.