ഒരു കോടി രൂപയുടെ ലഹരിവസ്തുക്കളുമായി 2 ലോറികള്‍; ഒരെണ്ണം സിപിഎം നേതാവിന്റേത്

കൊല്ലം∙ കരുനാഗപ്പളളിയില്‍ ഒരു കോടി രൂപയുടെ ലഹരിവസ്തുക്കള്‍ എത്തിച്ച ലോറികളില്‍ ഒന്ന് സിപിഎം നേതാവിന്റേത്. ആലപ്പുഴ നഗരസഭയിലെ ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ എ.ഷാനവാസിന്റെ ലോറിയാണിത്. ലോറി കട്ടപ്പന സ്വദേശി ജയന് വാടകയ്ക്ക് നല്‍കിയതാണെന്നാണ് ഷാനവാസിന്റെ വിശദീകരണം. രണ്ടു ദിവസം മുന്‍പാണ് ജയനുമായി വാടകക്കരാര്‍ തയാറാക്കിയത്.

ഷാനവാസിന്റെ ലോറി കൂടാതെ ആലപ്പുഴ സ്വദേശിയുടെ മറ്റൊരു ലോറിയും ലഹരിക്കടത്തിനു പിടിയിലായിരുന്നു. രണ്ടു ലോറികളിലായി ഒരുലക്ഷത്തി ഇരുപത്തിയേഴായിരം പായ്ക്കറ്റ് പാന്‍മസാലയാണ് കരുനാഗപ്പളളിയില്‍ എത്തിച്ചത്. കേസില്‍ നാലു ലോറി ജീവനക്കാരെ അറസ്റ്റ് ചെയ്തെങ്കിലും കോടികളുടെ ഇടപാടിന് പിന്നില്‍ വൻ ലഹരിസംഘമെന്നാണ് വിവരം.