മറഡോണ കപ്പ് സ്വന്തമാക്കി ചേലമ്പ്ര സ്കൂൾ; ഫൈനലിൽ പരാജയപ്പെടുത്തിയത് ഗോകുലം എഫ്.സിയെ

അണ്ടർ 15 ലെജൻഡ് മറഡോണ കപ്പിൽ കിരീടപ്പോരാട്ടത്തിൽ ഗോകുലം കേരള എഫ്‌സി അണ്ടർ 15 ടീമിനെ പരാജയപ്പെടുത്തി ചേലമ്പ്ര എൻ എൻ എം എച്ച് എസ് എസ് എഫ്‌സി കിരീടം സ്വന്തമാക്കി. ഫൈനലിന്റെ ആവേശം മുഴുവൻ നിറഞ്ഞു നിന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ട്‍ ഗോളുകൾക്കാണ് ചേലമ്പ്ര സ്കൂളിന്റെ വിജയം.കൗമാരക്കാരുടെ ആവേശപ്പോരാട്ടമായി മാറിയ ഫൈനലിൽ, ഗോൾ നേടിയ അവിനാശ് ഫൈനൽ മത്സരത്തിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു. അവിനാശ് തന്നെയാണ് ടൂർണമെന്റിലെ ടോപ് സ്‌കോററും. ചേലമ്പ്ര സ്കൂളിന്റെ താരം അഭിനവ് മികച്ച ഗോൾ കീപ്പറായും തിരഞ്ഞെടുക്കപ്പെട്ടു

കളിച്ചു വളരാം എന്ന മുദ്രവാക്യമുയർത്തി സാക്കൺ സ്പോർട്സ് അക്കാഡമി കേരള സർക്കാരിന്റെ വിമുക്തി മിഷനുമായി സഹകരിച്ച്‌ ഡിസംബർ 27 നാണ് ടൂർണമെന്റിന് തുടക്കം കുറിച്ചത്. 14 ജില്ലകളിൽ നിന്നായി തെരഞ്ഞെടുക്കപ്പെട്ട 32 ടീമുകളാണ്‌ ഏലൂർ ഫാക്ട് ഗ്രൗണ്ടിൽ മാറ്റുരച്ചത്. ഒരു ലക്ഷം രൂപയുടെ ക്യാഷ് അവാർഡാണ് ടീമുകൾക്ക് സമ്മാനമായി ലഭിച്ചത്. ഏലൂർ നഗരസഭാ ചെയർമാൻ പി ടി സുജിൽ ജേതാക്കൾക്ക് ട്രോഫി സമ്മാനിച്ചു.