മെട്രോയുടെ പില്ലർ തകർന്നു വീണത് അതുവഴി വന്ന ബൈക്കിനു മുകളിൽ,അമ്മയും കുഞ്ഞും കൊല്ലപ്പെട്ടു

ബാംഗളൂരു : ബാംഗളൂരു മെട്രോയുടെ നിർമ്മാണത്തിലിരുന്ന തൂൺ തകർന്ന് വീണ് അമ്മയും രണ്ടര വയസുകാരിയും കൊല്ലപ്പെട്ടു. ഇന്ന് രാവിലെ 10.45 ഓടെ ഔട്ടർ റിങ് റോഡിൽ എച്ച്ബിആർ ലെയൗട്ടിലാണ് അപകടമുണ്ടായത്. നിർമ്മാണത്തിലിരുന്ന നാൽപത് അടിയോളം ഉയരമുള്ള 218 നമ്പർ പില്ലർ അതുവഴി ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന കുടുംബത്തിന് മുകളിലേക്ക് വലിയ ശബ്ദത്തിൽ തകർന്ന് വീഴുകയായിരുന്നു.ദമ്പതികളെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും യുവതിയെയും കുട്ടിയെയും രക്ഷിക്കാനായില്ലെന്ന് ഡിസിപി എസ് ഗുലേദ് പറഞ്ഞു.

മെട്രോ പില്ലറിനായി നിർമ്മാണം തുടർന്നിരുന്ന തൂണിന്റെ ഇരുമ്പ് കമ്പികളാണ് തകർന്ന് വീണതെന്നാണ് റിപ്പോർട്ട്. സമീപത്ത് കൂടി നിരവധി വാഹനങ്ങൾ കടന്ന് പോയിരുന്നുവെന്നും ഭാഗ്യം കൊണ്ടാണ് വലിയ അപകടം ഉണ്ടാകാതിരുന്നതെന്നും പ്രദേശവാസികൾ പറഞ്ഞു.

ഭർത്താവ് ലോഹിത് കുമാർ അപകട നില തരണം ചെയ്തുവെന്നാണ് റിപ്പോർട്ടുകൾ. തേജസ്വി (25) മകൻ വിഹാൻ എന്നിവരാണ് മരിച്ചത്. സിവിൽ എൻജിനിയറാണ് ലോഹിത്. സോഫ്റ്റ് വെയർ എൻജിനിയറാണ് തേജ്വസി.