മകരവിളക്കിനൊരുങ്ങി സന്നിധാനം; സുരക്ഷയ്ക്കായി 1,400 പൊലീസുകാർ, ഡോക്ടർ അടങ്ങുന്ന മെഡിക്കൽ സംഘവും

മകരവിളക്കിനൊരുങ്ങി സന്നിധാനം. ഇതിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് അറിയിച്ചു.ഇന്ന് വൈകീട്ട് 5.30ന് തിരുവാഭരണ ഘോഷയാത്രയെ ശരംകുത്തിയിൽ സ്വീകരിക്കും. വൈകീട്ട് 6.30ന് അയ്യപ്പ വിഗ്രഹത്തിൽ തിരുവാഭരണം അണിയിച്ച് ദീപാരാധന നടത്തും. സന്നിധാനത്ത് മകരമകരസംക്രമ പൂജ രാത്രി 8.45ന് നടക്കും.

ഉച്ചയ്ക്ക് 12 മണിക്ക് ശേഷം ഭക്തരെ പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് കയറ്റിവിടില്ല. സന്നിധാനത്തും പരിസരത്തും സുരക്ഷ ശക്തമാക്കിയെന്ന് പൊലീസ് അറിയിച്ചു.

മകരജ്യോതിക്കായി സന്നിധാനത്തും പരിസരത്തും കാത്തിരിക്കുന്നത് ആയിരക്കണക്കിന് ഭക്തരാണ്.

അതേസമയം, ഇടുക്കിയിലെ പുല്ലുമേട്, പരുന്തുംപാറ, പാഞ്ചാലിമേട് എന്നിവിടങ്ങളിൽ പ്രദേശങ്ങളിൽ ഇത്തവണയും മകരജ്യോതി ദർശനത്തിന് വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിരിക്കുന്നത്. തീർഥാടകർക്കായി കെഎസ്ആർടിസി 65 ബസ് സർവീസുകൾ നടത്തും. ആയിരത്തി നാനൂറോളം പൊലീസുകാരെ സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുണ്ട്. ഡോക്ടർമാർ അടങ്ങുന്ന മെഡിക്കൽ സംഘവും സജ്ജരായി. വണ്ടിപ്പെരിയാർ സത്രം, വള്ളക്കടവ് നാലാമൈൽ പ്രവേശനപാതകൾ വഴി രാവിലെ എട്ട് മണിമുതൽ ഭക്തർക്ക് പ്രവേശനമുണ്ടാകും. ഈ വഴി രണ്ട് മണി കഴിഞ്ഞാൽ ആരെയും കടത്തിവിടില്ല. കുമളിയിൽ നിന്ന് പുല്ലുമേട്ടിലേക്കുള്ള വാഹനങ്ങൾ ഒരു മണി വരെ മാത്രമേ കടത്തിവിടൂ. പുല്ലുമേട്ടിൽ നിന്ന് ശബരിമലയിലേക്ക് പോകാൻ ആരെയും അനുവദിക്കില്ല. മകരജ്യോതി ദർശനം കഴിഞ്ഞ് ഭക്തർ നാലാംമൈൽ വഴിയാണ് തിരികെയിറങ്ങേണ്ടതെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.