മൈക്ക് മുഖത്ത് നിന്ന് മാറ്റ്,ഇ ഡി ചോദ്യം ചെയ്യാൻ വിളിപ്പിച്ചത് ചോദിച്ചതിൽ കോപത്തോടെ അൻവർ

കൊച്ചി: എൻഫോഴ്‌സ്‌മെന്റ് ഡിറ്റക്ടറേറ്റ് വിളിപ്പിച്ചതെന്തിനാണെന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് ക്ഷുഭിതനായി പിവി അൻവർ എംഎൽഎ. ഇതുസംബന്ധിച്ച് പ്രതികരണം ആരാഞ്ഞ മാധ്യമങ്ങളോട്,  ” എന്തോന്ന് ചോദിക്കാൻ,മൈക്ക് മുഖത്തു തട്ടിക്കല്ലേ, ഇന്ത്യയും പാകിസ്താനുമായുള്ള ഫുട്ബോൾ മത്സരത്തെ കുറിച്ചറിയാനാ ” എന്നായിരുന്നു അൻവറിന്റെ പ്രതികരണം.

കർണാടകയിലെ ബെൽത്തങ്ങാടിയിലെ ക്വാറിയിൽ പങ്കാളിത്തം നൽകാമെന്ന് വാഗ്ദാനം ചെയ്ത് 50 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് അൻവറിനെ ഇഡി വിളിപ്പിച്ചത്. കൊച്ചിയിലെ ഓഫീസിൽ വിളിച്ചുവരുത്തിയായിരുന്നു ഇഡി ചോദ്യം ചെയ്തത്. ബെൽത്തങ്ങാടിയിലെ ക്വാറിയിൽ 10 ശതമാനം ഓഹരി പങ്കാളിത്തം നൽകാമെന്ന് വിശ്വസിപ്പിച്ച് 2012 ൽ 50 ലക്ഷം രൂപ വാങ്ങി കബളിപ്പിച്ചു എന്ന കേസിൽ മലപ്പുറം സ്വദേശിയായ പ്രവാസി എൻജിനീയർ സലിം ആണ് പരാതി നൽകിയത്.

പൊലീസും ക്രൈം ബ്രാഞ്ചും അന്വേഷിച്ച കേസിൽ കാര്യമായ പുരോഗതി ഉണ്ടാകാത്തതിനെ തുടർന്നാണ് സലിം ഇ ഡിക്ക് പരാതി നൽകിയത്. സിവിൽ സ്വഭാവമുള്ള കേസ് ആണെന്ന് കാണിച്ച് ക്രൈംബ്രാഞ്ച് നൽകിയ റിപ്പോർട്ട് കോടതി തള്ളിയിരുന്നു.