എറണാകുളം: പറവൂരില്‍ ഭക്ഷ്യവിഷബാധ റിപ്പോര്‍ട്ട് ചെയ്ത മജ്‌ലിസ് ഹോട്ടലിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് ഹോട്ടൽ പൂട്ടിച്ചു ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഭക്ഷ്യവിഷബാധയ്ക്കിടയാക്കിയ ഹോട്ടല്‍ മജിലിസിന്റെ ഉടമകള്‍ക്കെതിരെ നരഹത്യാക്കുറ്റം ചുമത്തി കേസെടുത്തു. സംഭവത്തിൽ മജിലിസ് ഹോട്ടലിലെ പാചകക്കാരൻ ഹസൈനാരെ കസ്റ്റഡിയിലെടുത്തു.
കുഴിമന്തിയും, അൽഫാമും, ഷവായിയും മയോണൈസും കഴിച്ചവർക്കാണ് ആരോഗ്യപ്രശ്നങ്ങളുണ്ടായത്. രാവിലെ മൂന്ന് വിദ്യാർത്ഥികളെയാണ് ആദ്യം പറവൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് ഭക്ഷ്യവിഷബാധയേറ്റവരുടെ എണ്ണം അതിവേഗം ഉയർന്നു. ചർദിയും,വയറിളക്കവും,കടുത്ത ക്ഷീണവുമാണ് എല്ലാവര്‍ക്കും അനുഭവപ്പെട്ടത്. ആരോഗ്യ പ്രശ്‌നങ്ങളേത്തുടര്‍ന്ന് ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച കൂടുതല്‍ പേര്‍ ചികിത്സ തേടുന്നുണ്ട്.
ദേശീയ പാതയോരത്ത് സ്ഥിതി ചെയ്യുന്ന ഹോട്ടലില്‍ യാത്രയ്ക്കിടെ ഭക്ഷണം കഴിച്ചവരാണ്ഏറിയ പങ്കും. ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിച്ച 68 പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു.സംഭവം ശ്രദ്ധയില്‍പ്പെട്ടപ്പോൾ തന്നെ അടിയന്തരമായി പരിശോധന നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റും ഹോട്ടൽ പൂട്ടിച്ചതും. ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന നടത്തിയ 189 സ്ഥാപനങ്ങളിൽ വൃത്തിഹീനമായി പ്രവര്‍ത്തിച്ചതും ലൈസന്‍സ് ഇല്ലാതിരുന്നതുമായ 2 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തി വയ്പ്പിച്ചു. 37 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി.
പരിശോധനകള്‍ കൂടുതല്‍ കര്‍ക്കശമാക്കുമെന്ന് നഗരസഭാ ചെയര്‍പേഴ്‌സണ്‍ പ്രഭാവതി പറഞ്ഞു. പരിശോധനകള്‍ പ്രഹസനമാണെന്നാണ് പ്രതിപക്ഷത്തിന്റെ പരാതി.നടപടികള്‍ ആലോചിയ്ക്കുമ്പോള്‍ തന്നെ ഹോട്ടലുകള്‍ക്ക് വിവരങ്ങള്‍ ചോരുമെന്ന് പറവൂര്‍ നഗരസഭ, പ്രതിപക്ഷ നേതാവ് നിതിന്‍ പറഞ്ഞു.