തിരുവനന്തപുരം ഹീര ഫ്ലാറ്റ് ഓണേഴ്‌സ് അസോസിയേഷന്റെ സദാചാര വിലക്കിന് കോടതി സ്റ്റേ.

തിരുവനന്തപുരം: തിരുവനന്തപുരം ഹീര ഫ്ലാറ്റ് ഓണേഴ്‌സ് അസോസിയേഷന്റെ സദാചാര വിലക്കിന് തിരുവനന്തപുരം മുൻസിഫ് കോടതിയുടെ സ്റ്റേ. ബാച്ചിലർ എന്ന പേരിൽ താമസക്കാരെ ഇറക്കി വിടരുതെന്നും ലിഫ്റ്റ് ഓഫ് ചെയ്യുന്ന നടപടി നിർത്തണമെന്നും കോടതി ഉത്തരവിൽ പറയുന്നു.

അവിവാഹിതര്‍ രണ്ടുമാസത്തിനുള്ളിൽ ഒഴിയണം, എതിര്‍ലിംഗക്കാരെ ഫ്ലാറ്റില്‍ പ്രവേശിപ്പിക്കരുത് തുടങ്ങിയ വിവാദ നിര്‍ദേശങ്ങളുമായി തിരുവനന്തപുരം പട്ടത്തെ ഹീര ട്വിന്‍സ് ഫ്ലാറ്റിലെ ഓണേഴ്സ് അസോസിയേഷൻ നോട്ടീസ് പതിച്ചിരുന്നു. 24 ഫ്ലാറ്റുകലുള്ളതിൽ ആറ് ഇടത്ത് മാത്രമാണ് അവിവാഹിതരായ വാടകക്കാര്‍ താമസിക്കുന്നത്. ഇവര്‍ സിവിൽ സർവീസ് പരിക്ഷയ്ക്കും മറ്റുമായി പരിശീലനത്തിന് എത്തിയവരാണ്. ഇവരെ ഇവിടെ നിന്ന് ഒഴിപ്പിക്കുക ലക്ഷ്യമിട്ടാണ് ഇത്തരമൊരു നോട്ടീസ് പതിച്ചതെന്നാണ് വാടകയ്ക്ക് താമസിക്കുന്നവര്‍ ആരോപിക്കുന്നത്.

ഈ ഫ്ലാറ്റ് കുടുംബങ്ങള്‍ക്ക് മാത്രം താമസിക്കാന്‍ വേണ്ടിയുള്ളതാണ്. അല്ലാത്ത താമസക്കാര്‍ രണ്ടുമാസത്തിനുള്ളില്‍ ഒഴിയണമെന്നും വാടകക്കാര്‍ മാതാപിതാക്കളുടെ ഫോണ്‍ നമ്പറും ആധാറും ഫോണ്‍ നമ്പറും നല്‍കണമെന്നും സെക്യൂരിറ്റി ജീവനക്കാരുമായി വഴക്കിട്ടാല്‍ വിവരം പൊലീസിനെയും രക്ഷിതാക്കളെയും അറിയിക്കുമെന്നും ഫ്ലാറ്റിൽ പതിച്ച നോട്ടീസിൽ പറയുന്നു

പകലോ രാത്രിയോ അവിവാഹിതരുടെ ഫ്ലാറ്റിനകത്ത് എതിര്‍ലിംഗക്കാരെ കാണരുതെന്നും രക്തബന്ധത്തിലുള്ളവരല്ലാതെ മറ്റാർക്കും പ്രവേശനം അനുവദിക്കില്ലെന്നും സര്‍ക്കുലറിൽ പറയുന്നു. ഓഫീസിന് സമീപത്ത് ഒരുക്കിയിരിക്കുന്ന പ്രത്യേകസ്ഥലത്ത് മാത്രമേ ഫ്ലാറ്റിലെത്തുന്ന സന്ദര്‍ശകര്‍ക്ക് ഫ്ലാറ്റിലെ താമസക്കാരുമായി സംസാരിക്കാന്‍ അനുവാദമുള്ളു.

ഞങ്ങള്‍ക്ക് വാടകയ്ക്ക് നല്‍കിയ ഉടമ ഫ്ലാറ്റ് ഒഴിയാന്‍ പറഞ്ഞിട്ടില്ല. ഇതുവരെ ഒരു പ്രശ്‌നം ഇവിടെ ഉണ്ടായിട്ടില്ല. ഒരു ചെറിയ പ്രശ്‌നത്തിന്റെ പേരില്‍ പോലും ഒരു പൊലീസുകാരന്‍ പോലും ഇവിടേക്ക് വരേണ്ടി വന്നിട്ടില്ലെന്നും ഫ്ലാറ്റില്‍ താമസിക്കുന്ന അവിവാഹിതര്‍ പറയുന്നു.