ഒറ്റ രാത്രി കൊണ്ട് മുഴുവൻ പോലീസ് കാരും സസ്‌പെൻഷൻ വാങ്ങുന്ന ആദ്യ പോലീസ് സ്റ്റേഷൻ ,മംഗലപുരം

തിരുവനന്തപുരം: ഒരു പോലീസ് സ്റ്റേഷനിലെ മുഴുവൻ ഉദ്യോഗസ്ഥർക്കും ഗുണ്ടകളുമായും മണ്ണ് മാഫിയയുമായും ബന്ധം ഉണ്ടായാൽ എന്ത് ചെയ്യും,മംഗലപുരം സ്റ്റേഷനിലെ പോലീസുകാർക്കെതിരെ കൂട്ടനടപടി, മുഴുവൻ പേരെയും സ്ഥലം മാറ്റി. റൂറൽ പോലീസ് സൂപ്രണ്ട് ഡി ശിൽപ അഞ്ച് പൊലീസുകാരെ സസ്പെന്റ് ചെയ്ത, 25 പേരെയും ജില്ലയിലെ വിവിധ സ്റ്റേഷനുകളിലേക്ക് മാറ്റി പകരം 25 പേരെ സ്റ്റേഷനിൽ നിയമിക്കുകയും ചെയ്തു.അതും ഒറ്റ രാത്രി കൊണ്ട്.

ഗുണ്ട , ക്രിമിനൽ ബന്ധത്തിന്റെ പേരിൽ കൂടുതൽ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ ഇന്ന് നടപടിയുണ്ടാകുമെന്നാണ് സൂചന. അയിരൂർ എസ്എച്ച്ഒ ആയിരുന്ന ജെ.എസ്. അനിൽ, മലയിൻകീഴ് എസ്എച്ച്ഒ ആയിരുന്ന സൈജു എന്നിവർക്കെതിരെ നടപടിയുണ്ടാവും. റിസോർട്ടിൽ നിന്ന് പിരിവ് നടത്താൻ ശ്രമിച്ചു എന്നതടക്കമുള്ള കുറെ ആരോപണവിധേയനാണ് ജെഎസ് അനിൽ . എസ്എച്ച്ഒ സൈജു രണ്ട് പീഡന കേസിൽ പ്രതിയാണ്.കഴിഞ്ഞ ദിവസം ഒരു ഇൻസ്‌പെക്ടർ അടക്കം മൂന്ന് പേരെ പിരിച്ചു വിട്ടിരുന്നു.

മംഗലപുരം എസ്.ഐയെ ചിറയിങ്കൽ സ്റ്റേഷനിലേക്കാണ് മാറ്റിയത്. മറ്റുള്ളവരെ പോത്തൻകോട്, ആറ്റിങ്ങൽ, വെഞ്ഞാറമൂട്, വട്ടപ്പാറ, കഠിനംകുളം സ്റ്റേഷനിലേക്കും ഡിസ്ട്രിക് ആംഡ് റിസർവിലേക്കും ഡി.സി.ആർ.ബി തിരുവനന്തപുരം റൂറലിലേക്കുമാണ് മാറ്റിയത്. മംഗലപുരം സ്റ്റേഷനിലെ സ്വീപ്പറിനെതിരെ അച്ചടക്ക നടപടിയെടുത്തിട്ടില്ല.കഴിഞ്ഞ ദിവസം മംഗലപുരം സ്റ്റേഷൻ പരിധിയിൽ പോലീസുകാർക്കെതിരെ ഗുണ്ടാസംഘം ബോംബേറ് നടത്തി. ബോംബെറിഞ്ഞവർക്ക് രക്ഷപ്പെടാൻ അവസരമൊരുക്കിയത് സ്റ്റേഷനിലെ തന്നെ ഉദ്യോഗസ്ഥരാണെന്ന് കണ്ടെത്തിയിരുന്നു.

യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പ്രതികളെ പിടികൂടാനോ, പ്രതികൾക്കെതിരെ വേണ്ടവിധത്തിൽ കേസ് എടുക്കാനോ, സ്റ്റേഷൻ പരിധിയിലെ സ്ഥിരം ക്രിമിനലുകൾക്കെതിരേ ഗുണ്ടാനിയമം ചുമത്തി നടപടിയെടുക്കാനോ ഉള്ള ഒരു നീക്കവും സ്വീകരിച്ചില്ലെന്ന റൂറൽ പോലീസ് മേധാവി നടത്തിയ അന്വേഷണത്തിലെ കണ്ടെത്തലാണ് മുഴുവൻ ഉദ്യോഗസ്ഥരെയും മാറ്റാൻ തീരുമാനിച്ചതെന്നാണ് പോലീസ് വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന റിപ്പോർട്ട്.

നഗരത്തിലേക്ക് വൻതോതിൽ മണ്ണ് കടത്തിക്കൊണ്ടുവരുന്ന പ്രദേശങ്ങളിലൊന്നാണ് മംഗലപുരം. സി.ഐ. അടക്കമുള്ള ഈ സ്റ്റേഷനിലെ പല ഉദ്യോഗസ്ഥർക്കും അക്രമിസംഘങ്ങളുമായി അടുത്ത ബന്ധമുണ്ടെന്നും, മണ്ണുകടത്ത് വാഹനങ്ങൾ പിടിക്കുന്ന ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്നത് ഇവിടെ പതിവാണെന്നും രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ടുകൾ നൽകിയിരുന്നു.തലസ്ഥാനത്ത് ക്രിമിനൽ പശ്ചാത്തലമുള്ള സിഐ അഭിലാഷ്, പൊലീസ് ഡ്രൈവര്‍ ഷെറി എസ് രാജ്, റെജി ഡേവിഡ് എന്നിവരെ സർവ്വീസിൽ നിന്നും സിറ്റി പൊലീസ് കമ്മീഷ്ണർ സി എച്ച് നാഗരാജു പിരിച്ചുവിട്ടിരുന്നു.

ലൈംഗിക കേസിലും വയോധികയെ മർദ്ദിച്ച കേസിലും പ്രതിയാണ് നന്ദാവനം എആർ ക്യാമ്പിലെ ഡ്രൈവറായ ഷെറി എസ് രാജ് ,മെഡിക്കൽ കോളേജ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത പീഡനക്കേസിൽ പ്രതിയാണ് റെജി ഡേവിഡ്.
.