ജാതി വിവേചനം അത് നടക്കില്ല,കെആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ സമരത്തിൽ വിദ്യാർത്ഥികൾക്കൊപ്പം,ഫഹദ് ഫാസിൽ

തൃശൂർ: കെആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ ജാതി വിവേചനത്തിനെതിരെ നടത്തുന്ന സമരത്തിൽ വിദ്യാർത്ഥികൾക്കൊപ്പമെന്ന തന്റെ നിലപാട് ഫഹദ് ഫാസിൽ  വ്യക്തമാക്കി.എല്ലാവരും ചർച്ച ചെയ്ത് വിഷയത്തിൽ ഒരു തീരുമാനം ഉണ്ടായി തുടങ്ങിയതായി അറിഞ്ഞെന്നും പ്രശ്നങ്ങളെല്ലാം പരിഹരിക്കപ്പെട്ട് വിദ്യാർഥികൾക്ക് പഠനം തുടരാൻ സാധിക്കട്ടെയെന്നും താൻ സമരം ചെയ്ത കുട്ടികൾക്കൊപ്പമാണെന്നും ഫഹദ് ഫാസിൽ പ്രതികരിച്ചു.

സൂപ്പർ സ്റ്റാറുകൾ പോലും പ്രതികരിക്കാതെ ഒഴിഞ്ഞു മാറുന്ന സന്ദർഭത്തിലാണ് ഫഹദ് ഫാസിൽ തന്റെ നിലപാട് വ്യക്തമാക്കിയതെന്നത് ശ്രദ്ധേയമാണ്. ഫഹദ് നിർമിക്കുന്ന തങ്കം എന്ന സിനിമയുമായി ബന്ധപ്പെട്ട് നടത്തിയ വാർത്ത സമ്മേളനത്തിലാണ് സംസ്ഥാനത്തെ ഫിലിം ഇൻസ്റ്റിറ്റ്യാട്ടിലെ വിവാദ പ്രശ്നത്തെ കുറിച്ച് നിലപാട് വ്യക്തമാക്കിയത്.നൻപകൽ നേരത്ത് മയക്കം എന്ന സിനിമയുമായി ബന്ധപ്പെട്ട വാർത്തസമ്മേളനത്തിൽ മമ്മൂട്ടിയോട് കെ.ആർ ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രശ്നങ്ങളെ കുറിച്ച് ചോദിച്ചപ്പോൾ അവിടേക്ക് ഇപ്പോൾ പോകണ്ട എന്നാണ് മമ്മൂട്ടി മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി നൽകിയത്.

ദളിത് ജീവനക്കാരെ കൊണ്ട് സ്വന്തം വീട്ടിലെ കക്കൂസ് കഴുകിച്ചെന്നും സംവരണം അട്ടിമറിച്ച് വിദ്യാർഥി പ്രവേശനം നടത്തിയെന്നുമടക്കം പരാതി വന്നിട്ടും ശങ്കർ മോഹനെ സംരക്ഷിച്ചത് സ്ഥാപനത്തിന്‍റെ ചെയർമാൻ അടൂർ ഗോപാലകൃഷ്ണനാണെന്നും ആരോപണം ഉയർന്നിരുന്നു. അടൂരും രാജിവെക്കാൻ ഒരുങ്ങുകയാണെന്നാണ് സൂചനകൾ. സർക്കാർ അനുനയിപ്പിക്കാനുള്ള ശ്രമവും നടത്തുന്നുണ്ടെന്നും സൂചനകളുണ്ട്.

കഴിഞ്ഞ ദിവസം കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടർ ശങ്കർ മോഹൻ രാജിവെച്ചിരുന്നു.വിദ്യാർത്ഥി സമരത്തെ തുടർന്നല്ല തന്റെ രാജി,കാലാവധി കഴിഞ്ഞതിനാലാണെന്നും ശങ്കർ മോഹൻ വ്യക്തമാക്കിയിരുന്നു.ശങ്കർ മോഹന് പകരം പുതിയ ഡയറക്ടരെ തിരഞ്ഞെടുക്കുന്നതിനായി. മൂന്നംഗ സെര്‍ച്ച് കമ്മിറ്റിയെ രൂപീകരിച്ചു. വികെ രാമചന്ദ്രന്‍, ഷാജി എന്‍ കരുണ്‍, ടിവി ചന്ദ്രന്‍ എന്നിവരാണ് സെര്‍ച്ച് കമ്മിറ്റിയിലുള്ളത്.