അമ്പലപ്പുഴ ദേശീയ പാതയിലെ മേൽപ്പാലത്തിൽ കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് മരണം

ആലപ്പുഴ: അമ്പലപ്പുഴ ദേശീയ പാതയിലെ മേൽപാലത്തിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു. ഇന്ന് പുലർച്ചെ ഒന്നരയോടെ കാക്കാഴം മേപാലത്തിൽ നടന്ന അപകടത്തിൽ തിരുവനന്തപുരം സ്വദേശികളായ പ്രസാദ്, മനു, ഷിജു ഭാസ്, സുമോദ്, കൊല്ലം സ്വദേശി അമൽ എന്നിവരാണ് മരിച്ചത്.

ലോറിയിൽ അമിത വേഗത്തിലെത്തിയ ആൾട്ടോ കാർ ഇടിച്ചു കയറുകയായിരുന്നുവെന്നാണ് നിഗമനം. ഇടിയിൽ കാർ പൂർണമായും തകർന്നു. കാറിലുണ്ടായിരുന്ന 4 പേർ തൽക്ഷണം മരിക്കുകയും ഒരാൾ ആശുപതിയിലുമാണ് മരിച്ചത്. ഐ.എസ്.ആര്‍.ഓ കാന്റീനിലെ താത്കാലിക ജീവനക്കാരാണ് മരിച്ച അഞ്ചുപേരും. കാർ അമിത വേഗതയിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പോകുകയായിരുന്നു എന്നാണറിയുന്നത്. ആന്ധ്രയിൽ നിന്നും അരി കയറ്റി  ആലപ്പുഴയിലേക്ക് വരുകയായിരുന്ന ലോറിയുമായാണ് കാര്‍ കൂട്ടിയിടിച്ചത്.

അമ്പലപ്പുഴ പോലീസ് സ്‌റ്റേഷനില്‍നിന്ന് പോലീസുകാര്‍ ഉടന്‍ സ്ഥലത്തെത്തിയെങ്കിലും അവര്‍ക്ക് കാറില്‍നിന്ന് അപകടത്തില്‍പ്പെട്ടവരെ പുറത്തെടുക്കാനായില്ല. ഫയർഫോഴ്സ് സ്ഥലത്തെത്തി കാർ വെട്ടിപ്പൊളിച്ചാണ് അഞ്ചുപേരെയും പുറത്തെടുത്തത്. അഞ്ചു പേരുടെയും മൃതദേഹങ്ങൾ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആസ്പത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. ലോറി ഡ്രൈവറും സഹായിയും പോലീസ് കസ്റ്റഡിയിലാണ്.