സ്നേഹിക്കാൻ മനസുള്ള ബുദ്ധിശാലി’; ജീവിതപങ്കാളിയേക്കുറിച്ച് തുറന്നുപറഞ്ഞ് രാഹുൽ ​ഗാന്ധി

ന്യൂഡൽഹി: രാജ്യത്തെ ‘മോസ്റ്റ് എലിജിബിൾ ബാച്ചിലർ’ എന്ന ടാഗ് ലൈന് ഇപ്പോഴും അർഹനായ വ്യക്തികളിൽ ഒരാളാണ് രാഹുൽ ഗാന്ധി. എപ്പോഴാണ് വിവാഹം എന്ന ചോദ്യം കേട്ട് മടുത്തിരിക്കുകയാണ് കോൺഗ്രസ് മുൻ അധ്യക്ഷൻ. ഇതിനുള്ള മറുപടിയുമായി തുറന്നുപറഞ്ഞിരിക്കുകയാണ് രാഹുൽ ഗാന്ധി ഇപ്പോൾ.ഭാരത് ജോഡോ യാത്രയുടെ ഭാഗമായി ജമ്മു കശ്മീരിൽ എത്തിയിരിക്കുന്ന രാഹുൽ കാമിയ ജാനി ഓഫ് കേർളി ടെയിൽസ് എന്ന യൂട്യൂബ് ചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് തൻ്റെ പങ്കാളിയേക്കുറിച്ചുള്ള സ്വപ്നങ്ങൾ പങ്കുവച്ചിരിക്കുന്നത്.

തനിക്ക് യോജിക്കുന്ന ശരിയായ പെൺകുട്ടി വന്നാൽ താൻ വിവാഹം കഴിക്കുമെന്നും തന്റെ ചെക്ക്‌ലിസ്റ്റിൽ “ബുദ്ധിശാലിയായ ഒരു സ്നേഹനിധി” ഉൾപ്പെടുന്നുവെന്നും മുതിർന്ന കോൺഗ്രസ് നേതാവ്

തുറന്നു പറഞ്ഞു. “ശരിയായ ഒരു പെൺകുട്ടി വന്നാൽ, ആ സമയത്ത് വിവാഹം കഴിക്കും. എന്റെ മാതാപിതാക്കളുടെ വിവാഹം വളരെ മനോഹരമായിരുന്നു അതിനാൽ വിവാഹങ്ങളുടെ കാര്യത്തിൽ എന്റെ മാനദണ്ഡം വളരെ ഉയർന്നതാണെന്ന് കരുതുന്നു“ രാഹുൽ ഗാന്ധി പറയുന്നു.

വിവാഹത്തിന് പുറമെ മറ്റ് ചില സ്വകാര്യ കാര്യങ്ങളും രാഹുൽ യൂട്യൂബറുമായി പങ്കുവച്ചു. ഇതിൽ പ്രധാനപ്പെട്ട ഒന്ന് അദ്ദേഹത്തിന്റെ ഭക്ഷണ ശീലങ്ങളാണ്. താൻ അമിതമായി ഭക്ഷണം കഴിക്കുന്ന വ്യക്തിയല്ലെന്ന് കോൺഗ്രസ് നേതാവ് പറഞ്ഞു. ചക്ക, ഗ്രീൻപീസ് മുതലായ വസ്തുക്കൾ ഇഷ്ടമല്ലെന്നും രാഹുൽ തുറന്നു പറഞ്ഞു.

താൻ മിക്കപ്പോഴും മാംസാഹാരം കഴിക്കാൻ ഇഷ്ടപ്പെടുന്നയാളാണെന്ന് പറഞ്ഞ രാഹുൽ ഡൽഹിയിലെ മോത്തി മഹൽ തനിക്ക് വളരെ പ്രിയപ്പെട്ട സ്ഥലമാണെന്നും പറഞ്ഞു. ഇതിന് പുറമെ, സ്വാഗത്, ശരവണ ഭവൻ എന്നിവിടങ്ങളും തൻ്റെ ഇഷ്ടസ്ഥലങ്ങളാണെന്നും അദ്ദേഹം പറയുന്നു. താൻ വീട്ടിലിരിക്കുമ്പോൾ കർശനമായ ഭക്ഷണരീതികളാണ് പിന്തുടരാറുള്ളത് എന്ന് വയനാട് എംപി വ്യക്തമാക്കി. ഉച്ചഭക്ഷണത്തിന് ഇന്ത്യൻ ഭക്ഷണവും എന്നാൽ, അത്താഴത്തിന് കൂടുതലായും കോണ്ടിനെന്റൽ ഭക്ഷണവുമാണ് പതിവ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഭാരത് ജോഡോ യാത്രയ്ക്കിടെയുള്ള തന്റെ പാചക അനുഭവങ്ങളും അദ്ദേഹം പങ്കുവച്ചു. തെലങ്കാനയിൽ ഭക്ഷണം കഴിക്കുന്നത് തനിക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കിയെന്നും രാഹുൽ പറഞ്ഞു.

രാഹുൽ ഗാന്ധിക്ക് സ്കൂബ ഡൈവിംഗ്, സൈക്ലിംഗ്, ബാക്ക്പാക്കിംഗ്, മാർഷൽ ആർട്സ് എന്നിവയും തന്റെ താൽപ്പര്യങ്ങളിൽ ഉൾപ്പെടുന്നതാണെന്ന് മുതിർന്ന നിയമസഭാംഗം പറഞ്ഞു. “ഞാൻ സുഹൃത്തുക്കളോടൊപ്പം ദീർഘദൂര സൈക്കിൾ സവാരിക്കായി പോകുമായിരുന്നു. യൂറോപ്പിൽ, ഞാൻ ഇറ്റലിയിലുടനീളം സൈക്കിൾ ചവിട്ടിയിട്ടുണ്ടെന്നും,” അദ്ദേഹം പറഞ്ഞു. ജാപ്പനീസ് ആയോധനകലയായ “ഐക്കിഡോ” യിൽ താൻ ബ്ലാക്ക് ബെൽറ്റ് കൂടിയായിരുന്നുവെന്നും കോളേജിലും ബോക്സ് ചെയ്യാറുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.തനിക്ക് ആദ്യമായി ലഭിച്ച ശമ്പളത്തേക്കുറിച്ചും രാഹുൽ ഗാന്ധി വാചാലനായി. തനിക്ക് 24-ഓ 25-ഓ വയസ്സുള്ളപ്പോൾ ലണ്ടനിലെ ഒരു സ്ട്രാറ്റജി കൺസൾട്ടിംഗ് കമ്പനിയിൽ ജോലി ചെയ്തിരുന്നുവെന്നു. അന്ന് സമ്പാദിച്ച 3,000 പൗണ്ടാണ് തന്റെ ആദ്യ ശമ്പളമെന്നും രാഹുൽ പറഞ്ഞു.