റിമാൻഡിലായ പി കെ ഫിറോസിനെ പൂജപ്പുര ജില്ല ജയിലിലേക്ക് മാറ്റി

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിലെ പ്രതിഷേധ സമരത്തിലെ സംഘർഷത്തിന്റെ പേരിൽ അറസ്റ്റിലായ യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസിനെ തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.ഫിറോസിനെ പൂജപ്പുര ജില്ല ജയിലിലേക്ക് മാറ്റി.

പി കെ ഫിറോസിന്റെ അറസ്റ്റിന് പിന്നാലെ വ്യാപക പ്രതിഷേധമാണ് യൂത്ത് ലീഗ് നടത്തുന്നത്.ജനവിരുദ്ധ നയങ്ങള്‍ കൈക്കൊളളുന്ന ഭരണകൂടങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്നവരെ ജാമ്യമില്ല വകുപ്പുകള്‍ ചുമത്തി കല്‍തുറുങ്കിലടക്കുന്നത് ജനാധിപത്യ വിരുദ്ധമാണെന്നും,ജനാധിപത്യത്തില്‍ എതിര്‍ ശബ്ദങ്ങളെ ഇല്ലാതാക്കുന്നത് ഫാസിസ്റ്റ് ചെയ്തിയാണെന്നും മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

പി കെ ഫിറോസിനെ കള്ളക്കേസിൽ കുടുക്കി അറസ്റ്റ് ചെയ്ത സർക്കാർ നടപടി തീക്കളിയാണെന്ന് മുസ്‌ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം പ്രതികരിച്ചു.സംസ്ഥാന സർക്കാറിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ മുസ്​ലിം യൂത്ത്​ ലീഗ് സംസ്ഥാന കമ്മിറ്റി സെക്രട്ടേറിയറ്റിലേക്ക്​ നടത്തിയ സേവ്​ കേരള മാർച്ചിൽ വൻ സംഘർഷമുണ്ടായി. പ്രവർത്തകരും പൊലീസും തമ്മിൽ ഭരണസിരാകേന്ദ്രത്തിന്​ മുന്നിൽ ഏറ്റുമുട്ടി.സമരക്കാർക്ക്​ നേരെ പൊലീസ്​ പലതവണ കണ്ണീർവാതകവും ഗ്രനേഡും പ്ര​യോഗിച്ചു.

ജില്ലാ ആസ്ഥാനങ്ങളിലും പഞ്ചായത്ത്‌ തലത്തിലും പ്രകടനം നടത്താൻ മുസ്ലിം യൂത്ത്​ ലീഗ് സംസ്ഥാന സെക്രട്ടേറിയേറ്റ് ആഹ്വാനം ചെയ്തിട്ടുണ്ട്. കോഴിക്കോട് റോഡ് ഉപരോധിച്ച യൂത്ത് ലീഗ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഭരണകൂട ഭീകരതയാണെന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധമുയരുമെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു.