രണ്ടു പതിറ്റാണ്ട് മുൻപ് നടന്ന സംഭവങ്ങളാണ്,ഓർമ്മിപ്പിക്കരുതേ,കെ സുരേന്ദ്രൻ,എന്നാൽ ഓർമ്മിപ്പിച്ചിട്ടു തന്നെ കാര്യം,ഡി വൈ എഫ് എ/ യൂത്ത് കോൺഗ്രസ്

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രി ആയിരിക്കെ ഗുജറാത്തിൽ നടന്ന നരഹത്യയെപ്പറ്റിയുള്ള ബിബിസിയുടെ വിവാദ ഡോക്യുമെൻ്ററി കേരളത്തിൽ പൊതുജനങ്ങൾക്കായി പ്രദ‍ർശിപ്പിക്കാനുള്ള നീക്കത്തിൽ ഡിവൈഎഫ്ഐയും യൂത്ത് കോൺഗ്രസും. ഇന്ത്യ – ദ മോദി ക്വസ്റ്റ്യൻ എന്ന പേരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെപ്പറ്റിയുള്ള ബിബിസിയുടെ വിവാദ ഡോക്യൂമെൻ്ററിയുടെ രണ്ടാം ഭാഗം ഇന്ന് പുറത്തിറങ്ങാനിരിക്കേയാണ് കേരളത്തിൽ വിവാദം ചൂടുപിടിക്കുന്നത്.

ഗുജറാത്ത് കലാപം അടക്കമുള്ള വിഷയങ്ങൾ ഉൾപ്പെടുത്തിയ ഡോക്യൂമെൻ്ററിയുടെ ലിങ്കുകൾ നീക്കാൻ കേന്ദ്രസ‍ർക്കാർ സമൂഹമാധ്യമങ്ങളോട് ആവശ്യപ്പെട്ടിരുന്നു.കേന്ദ്രത്തിൻ്റെ വിലക്ക് അവഗണിച്ച് ഡോക്യുൂമെൻ്ററി പൊതുയിടങ്ങളിൽ പ്രദർശിപ്പിക്കാനാണ് യുവജനസംഘടനകൾ ഒരുങ്ങുന്നത്.രണ്ട് പതിറ്റാണ്ട് മുൻപ് നടന്ന സംഭവങ്ങൾ ഓർമിപ്പിക്കരുതെന്നും ഇത് മതസ്പർധ വളർത്താൻ ലക്ഷ്യമിട്ടുള്ള നീക്കമാണെന്നും പ്രദർശനം അനുവദിക്കുന്നത് ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും തകർക്കാനുള്ള നീക്കത്തിന് തുല്യമാണെന്നും പ്രദർശനം അനുവദിക്കരുതെന്നും ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ മുഖ്യമന്ത്രി പിണറായി വിജയന് കത്തെഴുതി.

ഗോധ്ര കലാപം, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാഷ്ട്രീയ വളർച്ച തുടങ്ങിയ വിഷയങ്ങളാണ് ഡോക്യുമെൻ്ററിയുടെ ആദ്യഭാഗം.വിവാദവിഷയങ്ങളിൽ പ്രധാനമന്ത്രിയുടെ പ്രതികരണം ലഭ്യമായില്ലെന്ന് ഡോക്യുമെൻ്ററിയിൽ വ്യക്തമാക്കുന്നുണ്ട്.വീഡിയോയിലെ പരാമർശങ്ങൾ സുപ്രീം കോടതിയുടെ കണ്ടെത്തലുകൾക്ക് വിരുദ്ധമാണെന്നും സമൂഹത്തിൽ മതസ്പർധയുണ്ടാകാൻ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടി മുതിർന്ന കേന്ദ്രസർക്കാർ ഉദ്യോഗസ്ഥർ റിപ്പോർട്ട് നൽകിയതിനെ തുടർന്ന് കേന്ദ്രം ഡോക്യുമെൻ്ററിയ്ക്ക് വിലക്കേ‍ർപ്പെടുത്തി.ഇതിനു പിന്നാലെ ഡോക്യുമെൻ്ററിയും ലിങ്കുകൾ ഉൾപ്പെട്ട ട്വീറ്റുകളുമുൾപ്പെടെ നീക്കി.2021ലെ ഐടി നിയമങ്ങൾ ഉപയോഗിച്ചായിരുന്നു കേന്ദ്രത്തിൻ്റെ വിലക്ക്.

പല പ്ലാറ്റ്ഫോമുകളിലും അനധികൃതമായി ഡോക്യൂമെൻ്ററിയുടെ ലിങ്കും വീഡിയോകളും ലഭ്യമാണ്.ഇടത് വിദ്യാർഥിസംഘടനകൾ കേരളത്തിനു പുറത്തുള്ള കേന്ദ്രസർവകലാശാലകളിൽ ഡോക്യുമെൻ്ററിയുടെ പ്രദർശനം സംഘടിപ്പിച്ചിരുന്നു. ഇതിൻ്റെ ചുവടുപിടിച്ചു കേരളത്തിൽ പ്രദർശനം സംഘടിപ്പിക്കുമെന്ന് എസ്എഫ്ഐ പ്രഖ്യാപിച്ചു.കേരളത്തിലെ സമാധാന അന്തരീക്ഷം തകർക്കാനായി ചിലർ നടത്തുന്ന രാജ്യദ്രോഹ പ്രവർത്തനങ്ങൾ മുളയിലേ നുള്ളണമെന്നും വിഷയത്തിൽ മുഖ്യമന്ത്രിയുടെ അടിയന്തര ഇടപെടൽ ആവശ്യമാണെന്നും കെ സുരേന്ദ്രൻ അഭിപ്രായപ്പെട്ടു.

ഡോക്യുമെൻ്ററി സംബന്ധിച്ച കേന്ദ്ര നിലപാടിനെതിരെ കോൺഗ്രസും ബിജെപി നിലപാടിനെ വിമർശിച്ച് തൃണമൂൽ കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാ‍ർട്ടികളും രംഗത്തെത്തിയിട്ടുണ്ട്. കേന്ദ്രം നടത്തുന്നത് സെൻസ‍ർഷിപ്പാണെന്നാണ് കോൺഗ്രസിൻ്റെ ആരോപണം.ചിലർക്ക് കൊളോണിയൽ കാലത്തെ ചിന്താഗതിയാണെന്നും സുപ്രീം കോടതി പറയുന്നതിലും വില അവർക്ക് ബിബിസി പറയുന്നതിനാണെന്നുമാണ് കേന്ദ്രമന്ത്രി കിരൺ റിജിജുവിൻ്റെ പ്രതികരണം.വിപിഎൻ സാങ്കേതികവിദ്യയുടെ കാലത്ത് ഇത്തരം വിലക്കുകൾ കൊണ്ട് ഒരു കാര്യമില്ലെന്ന് ശിവസേനയും പ്രതികരിച്ചു