പോലീസാണെന്ന്‌ പറഞ്ഞ് ബിസിനസുകാരന്റെ വീട്ടില്‍ അതിക്രമിച്ച് കയറി മോഷണം

ദുബൈ: പോ.ലീസാണെന്ന്‌ പറഞ്ഞ് ദുബൈയിൽ നൈഫിലുള്ള കുങ്കുമപൂവ് ബിസിനസു ചെയ്യുന്ന വ്യാപാരിയുടെ വീട്ടില്‍ അതിക്രമിച്ച് കയറി 4.7 ലക്ഷം ദിര്‍ഹം കൊള്ളയടിച്ച കേസിൽ പ്രവാസികളുള്‍പ്പടെ 7 പേരെ ആറ് മാസത്തെ ജയില്‍ ശിക്ഷയ്ക്കും അതിന് ശേഷം നാടുകടത്താനും ദുബൈ ക്രിമിനല്‍ കോടതി വിധിച്ചു.

ബിസിനസുകാരന്‍ വീട്ടിലുണ്ടായിരുന്ന സമയത്ത് തങ്ങള്‍ പോലീസുകാരാണെന്ന് പറഞ്ഞ് വീട്ടിലേക്ക് അതിക്രമിച്ച് കയറുകയായിരുന്നു.തിരിച്ചറിയല്‍ രേഖയെന്ന രീതിയിൽ ഒരു ഗ്രീന്‍ ബാഡ്‍ജ് കാണിച്ച ശേഷം എന്ത് ജോലിയാണ് ചെയ്യുന്നതെന്നും പണം എവിടെയാണ് സൂക്ഷിക്കുന്നതെന്നുമുൾപ്പെടെ നിരവധി ചോദ്യങ്ങള്‍ ഇവര്‍ ചോദിക്കുകയും വീട്ടുടമ വീട്ടിലുണ്ടായിരുന്ന 4,70,000 ദിര്‍ഹം എടുത്ത് കാണിക്കുകയും ചെയ്തു. വീട്ടുടമയെ മര്‍ദിച്ച് പണം കൈക്കലാക്കുകയും രക്ഷപ്പെടുകയായിരുന്നു ഇവർ.

വീട്ടുടമ പരാതി നൽകിയതിനെ തുടർന്ന് അന്വേഷണം നടത്തിയ പോലീസ് ക്രിമിനൽ സംഘത്തിലെ ഒരു അറബ് പൗരനെ പിടികൂടി ചോദ്യം ചെയതപ്പോള്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയും തട്ടിയെടുത്ത പണം കണ്ടെടുക്കുകയും ചെയ്തു.ഇയാൾ പോലീസിനു നൽകിയ വിവരമനുസരിച്ചു് കേസിലെ എല്ലാവരെയും അറസ്റ് ചെയ്തു.