ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്മെൻ അച്ഛനും അമ്മയുമാകാനൊരുങ്ങി സഹദും സിയ പവലും

കോഴിക്കോട്: സ്ത്രീയായി ജനിച്ച് പുരുഷനായി മാറിയ സഹദും പുരുഷനായി ജനിച്ച് സ്ത്രീയായി മാറിയ സിയയും തങ്ങളുടെ പൊന്നോമനയെ കാത്തിരിക്കുകയാണ്. ഒരുമാസത്തിനപ്പുറം കുഞ്ഞ് മിഴിതുറക്കുന്നതോടെ സിയ പവലും സഹദും ട്രാൻസ് ​ജെൻഡർ സമൂഹത്തിൽ ഇന്ത്യയിലെ ആദ്യ​ മാതാപിതാക്കളാകും. മാർച്ച് 4നാണു പ്രസവത്തീയതി. കുഞ്ഞിനെ മിൽക് ബാങ്ക് വഴി മുലയൂട്ടാനാണുള്ള തീരുമാനത്തിലാണ് നർത്തകിയാണ് സിയയും സ്വകാര്യ സ്ഥാപനത്തിലെ അക്കൗണ്ടന്റായ സഹദും.

സിയയിൽ നിന്നു ഗർഭം ധരിച്ച സഹദ് സ്ത്രീയിൽ നിന്ന് പുരുഷനാകാനുള്ള നീക്കത്തിന്റെ ഭാഗമായി മാറിടങ്ങൾ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തെങ്കിലും ഗർഭപാത്രവും മറ്റും മാറ്റിയിരുന്നില്ല.കോഴിക്കോട് മെഡിക്കൽ കോളജിലെ ഡോക്ടർമാരുടെ നേതൃത്വത്തിൽ വിദഗ്ധ പരിശോധനകൾ നടത്തി ആരോഗ്യപ്രശ്നമില്ലെന്ന് ഉറപ്പു വരുത്തിയ ശേഷമാണു ചികിത്സ ആരംഭിച്ചത്.തങ്ങളനുഭവിച്ച വേദനകളുടെയും പരിഹാസങ്ങളുടെയും മുറിവുണക്കി ഭാവിജീവിതത്തിന് നിറംപകരാൻ കുഞ്ഞിനാവുമെന്ന് സിയയും സഹദും പറയുന്നു.

മലപ്പുറത്തുനിന്നുള്ള സിയ പ്ലസ് വണിന് പഠിക്കുമ്പോൾ ഉമ്മ മരിക്കുകയും പിതാവ് മറ്റൊരു വിവാഹം കഴിക്കുകയും ചെയ്തതോടെ മൂത്ത സഹോദരിയുടെ വീട്ടിലായി താമസം. ഇതോടെ പഠനവും മുടങ്ങി. ട്രാൻസ് സ്വത്വം തിരിച്ചറിഞ്ഞ സിയ കോഴിക്കോട്ടെ ട്രാൻസ് കമ്യൂണിറ്റി ഷെൽട്ടർ ഹോമിൽ അഭയംതേടുകയും ദീപാറാണിയെന്ന ട്രാൻസ് വ്യക്തിയുടെ മകളാവുകയും ചെയ്തു.ട്രാൻസ് സ്വത്വം തിരിച്ചറിഞ്ഞതിനുപിന്നാലെയാണ്​ സഹദും കോഴി​ക്കോട്ടെത്തിയത്​.തിരുവനന്തപുരത്ത് മത്സ്യത്തൊഴിലാളി കുടുംബത്തിൽനിന്നുള്ള സഹദിനു വീട് സൂനാമിയിൽ നഷ്ടമായിരുന്നു.

ട്രാൻസ് കമ്യൂണിറ്റിയുടെ പരിപാടിയിലാണ് ആദ്യമായി സിയ സഹദിനെ കാണുന്നത്. പരിചയം പ്രണയത്തിലേക്കും ജീവിതത്തിലേക്കും എത്തിയതോടെയാണ് കോഴിക്കോട് ഉമ്മളത്തൂരിൽ ഒരുമിച്ചു് താമസം തുടങ്ങി.മനസ്സുകൊണ്ട് ട്രാൻസ് വ്യക്തികളായെങ്കിലും ഇരുവരുടെയും ശരീരം പാതിവഴിയിൽ മാത്രമാണ് മാറ്റമുൾക്കൊണ്ടത്.സിയയാവട്ടെ ട്രാൻസ് സ്ത്രീയാവാനുള്ള ശസ്ത്രക്രിയക്ക് വിധേയയായിരുന്നുമില്ല.ഗർഭപാത്രം നീക്കംചെയ്യാനുള്ള ശസ്ത്രക്രിയയുടെ ഘട്ടമെത്തിയപ്പോ​​ഴാണ് ഇരുവരുടെയും മനസ്സിൽ കുഞ്ഞിനുള്ള ആഗ്രഹം പിറന്നത്. മാറിടങ്ങൾ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തതുകൊണ്ട് കുഞ്ഞിന് മുലപ്പാല്‍ നല്‍കാനാവില്ലെങ്കിലും ആശുപത്രിയിലെ മില്‍ക്ക് ബാങ്ക് വഴി സംവിധാനമുണ്ടാക്കാനാണ് ആലോചിക്കുന്നത്‌.

” ജന്മം കൊണ്ടോ ശരീരം കൊണ്ടോ സ്ത്രീ ആയില്ലെങ്കിലും എന്നിലെ സ്ത്രീത്വം അറിഞ്ഞു വളർന്ന കാലമത്രയും ഉള്ളിലുണ്ടായ സ്വപ്നം ‘‘അമ്മ’ എന്നതായിരുന്നു. ആ വേദനയും സുഖവും അറിയാനോ അനുഭവിക്കാനോ ഈ ജന്മ മത്രയും എന്റെ ശരീരം എന്നെ അനുവദിക്കില്ലായിരിക്കാം. ഞാൻ അറിയുന്ന ദൈവം എന്നെ അറിഞ്ഞെന്നതു പോലെ കാലം എന്റെ ആഗ്രഹങ്ങൾ അറിയുന്നു. ആരാണെന്ന് പോലും അറിയാത്ത ഒരാൾക്ക് പേരും കണ്ടു വച്ച് കുന്നോളം സ്വപ്നങ്ങളും പേറി ഒമ്പതു മാസത്തോളം കാത്തിരിക്കുന്നതല്ലേ ഒരമ്മയുടെ പ്രതിക്ഷ. എന്നിലെ കാത്തിരുന്ന സ്വപ്നം പൂവണിയും പോലെ ഞാനും ഒരു അമ്മ എന്ന കുഞ്ഞു ശബ്ദത്തിലുള്ള വിളി കേൾക്കാൻ കാത്തിരിക്കുന്നു. കുറഞ്ഞ ദിനങ്ങൾ മാത്രം. ഏതൊരു പ്രതിസന്ധിയിലും തളരാതെ പതറാതെ മുന്നോട്ട് പോകാനുള്ള കഴിവ് എനിക്കും എന്റെ സ്വപ്നങ്ങളെ അറിഞ്ഞ ജീവിത പങ്കാളിക്കും നൽകണേ നാഥാ. എന്റെ സ്വപ്നങ്ങൾക്കു ചിറകുവിരിച്ച് കൂട്ടായത് എന്റെ ഇക്ക “സിയ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.