കൊച്ചി∙ യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് യെമനിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയ്ക്ക് തിരിച്ചടിയായി നിർണായക ഇടപെടൽ. നടപടി വേഗത്തിലാക്കാൻ യെമൻ ക്രിമിനൽ പ്രോസിക്യൂഷൻ മേധാവി നിർദേശം നൽകി. കോടതിവിധി, ദയാധനം അപേക്ഷ തുടങ്ങി വിവിധ രേഖകൾ സുപ്രീം കോടതിയിൽ നൽകണം. കൊല്ലപ്പെട്ട യെമന്‍ പൗരന്റെ കുടുംബത്തിന്റെ ഇടപെടലാണ് പ്രോസിക്യൂഷന്‍ നടപടിക്ക് കാരണമായത്.
ദയാധനം നല്‍കി നിമിഷപ്രിയയെ മോചിപ്പിക്കാനുള്ള നടപടികള്‍ എങ്ങും എത്താത്തതിനാല്‍ ഇനിയുള്ള ദിവസങ്ങള്‍ നിര്‍ണായകമാണ്. ക്രിമിനൽ പ്രോസിക്യൂഷൻ മേധാവി അയച്ച കത്തിന്റെ പകർപ്പ് ലഭിച്ചു. യെമനിൽ നഴ്സായി ജോലി ചെയ്യുകയായിരുന്ന നിമിഷപ്രിയയ്ക്കു യെമൻ യുവാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് വധശിക്ഷ വിധിച്ചത്. യെമനിലെ നിയമപ്രകാരം കൊല്ലപ്പെട്ടയാളുടെ കുടുംബം മാപ്പു നൽകിയാൽ പ്രതിക്കു ശിക്ഷായിളവ് ലഭിക്കും. കൊല്ലപ്പെട്ട തലാലിന്റെ കുടുംബം ചർച്ചയ്ക്കു തയാറാണെന്നും 50 ദശലക്ഷം യെമൻ റിയാൽ (ഏകദേശം 1.5 കോടി രൂപ) ദയാധനം (നഷ്ടപരിഹാരത്തുക) നൽകേണ്ടി വരുമെന്നും യെമൻ ജയിലധികൃതർ നേരത്തെ അറിയിച്ചിരുന്നു.