യാഷ് എന്ന അറിയപ്പെടാത്ത നടന്‍ 500 കോടി നേടുമ്പോള്‍ ഷാരൂഖിന്റെ 500 കോടി വലിയ സംഭവമാണോ: ആര്‍ജിവി

പഠാന്‍’ സിനിമയുടെ വിജയത്തോട് പ്രതികരിച്ച് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ. ഷാരൂഖ് ഖാന്റെ ചിത്രം 500 കോടിയൊക്കെ നേടുന്നത് വലിയ സംഭവമാണോ എന്ന ചോദ്യവുമായാണ് ആര്‍ജിവി രംഗത്തെത്തിയിരിക്കുന്നത്. കണക്ട് ദില്‍ സെ എന്ന ടിവി ടോക് ഷോയിലാണ് ആര്‍ജിവി സംസാരിച്ചത്.

കെജിഎഫ് സീരിസുമായി യാഷ് വലിയ വിജയം നേടുമ്പോള്‍, അതിനേക്കാള്‍ വലിയ താരമായ ഷാരൂഖ് 500 കോടി നേടുന്നത് വലിയ കാര്യമാണോ എന്നാണ് ആര്‍ജിവി ചോദിക്കുന്നത്. ”നോക്കൂ, യാഷ് എന്ന പേരുള്ള തീര്‍ത്തും അറിയപ്പെടാത്ത ഒരു വ്യക്തി ഇവിടെ 500 കോടി ബിസിനസ് ഉണ്ടാക്കുന്നു. അതിനാല്‍ ഷാരൂഖ് 500 കോടി ബിസിനസ് ഉണ്ടാക്കുന്നതൊക്കെ വലിയ കാര്യമാണോ?” എന്നാണ് ആര്‍ജവിയുടെ വാക്കുകള്‍.ദക്ഷിണേന്ത്യയിലെ ഡബ്ബ് പടങ്ങള്‍ പോലും വന്‍ വിജയമാകുന്നത് എന്താണെന്ന് ബോളിവുഡ് പരിശോധിക്കണമെന്നും ആര്‍ജിവി പറയുന്നുണ്ട്. എന്നാല്‍, പഠാന്‍ റിലീസ് ആയി മികച്ച തുടക്കം കിട്ടിയ സമയത്ത് ആര്‍ജിവി മറ്റൊരു രീതിയില്‍ ആയിരുന്നു പ്രതികരിച്ചത്.

അടുത്തകാലത്തായി പലരും സ്ഥാപിക്കാന്‍ ശ്രമിച്ച നാല് കെട്ടുകഥകളെ പൊളിക്കുന്നതാണ് പഠാന്റെ വിജയം തകര്‍ക്കുന്നത് എന്നായിരുന്നു ആര്‍ജിവി നേരത്തെ ട്വീറ്റ് ചെയ്തിരുന്നത്. അതുകൊണ്ട് തന്നെ ആര്‍ജിവിയുടെ വാക്കുകള്‍ ചര്‍ച്ചയാവുകയാണ്. പഠാന്‍ തകര്‍ത്ത 4 മിത്തുകളെ കുറിച്ചും ആര്‍ജവി പറഞ്ഞിരുന്നു.

1. ഒടിടി കാലത്ത് തിയേറ്റര്‍ കളക്ഷന്‍ ഒരിക്കലും മികച്ചതായിരിക്കില്ല. 2. ഷാരൂഖ് ഒരു മങ്ങിയ താരമാണ് 3. ദക്ഷിണേന്ത്യയിലെ മസാല സംവിധായകരെപ്പോലെ ബോളിവുഡിന് ഒരിക്കലും ഒരു വലിയ ബ്ലോക്ക്ബസ്റ്റര്‍ ഉണ്ടാക്കാന്‍ കഴിയില്ല 4. കെജിഎഫ് 2-ന്റെ ഒന്നാം ദിവസത്തെ കളക്ഷന്‍ തകര്‍ക്കാന്‍ വര്‍ഷങ്ങള്‍ എടുക്കും എന്നായിരുന്നു ആര്‍ജിവി ട്വീറ്റ് ചെയ്തത്.