ചെന്നൈ ∙ അന്തരിച്ച ഗായിക വാണി ജയറാമിന് അസുഖങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് വീട്ടുജോലിക്കാരിയായ മലർകൊടി. പത്മഭൂഷൺ ലഭിച്ചതിനു പിന്നാലെ എല്ലാ ദിവസവും ആളുകൾ നേരിട്ടെത്തി ആശംസകൾ അറിയിക്കാറുണ്ട്. നിരവധി ഫോൺകോളുകളും വരാറുണ്ടായിരുന്നെന്ന് മലർകൊടി വ്യക്തമാക്കി. ഇന്നു രാവിലെ വന്നു വിളിച്ചപ്പോൾ വാതിൽ തുറന്നില്ല. ഭർത്താവിനോടു പറഞ്ഞ് ഫോണിലേക്കു വിളിച്ചെങ്കിലും എടുത്തില്ല. ഇതോടെ എല്ലാവരെയും വിവരം അറിയിക്കുകയായിരുന്നുവെന്ന് മലർകൊടി മാധ്യമങ്ങളോടു പറഞ്ഞു.
‘‘അവർ തനിച്ചാണ് താമസം. കഴിഞ്ഞ 10 വർഷമായി ആ വീട്ടിലെ എല്ലാ ജോലികളും ഞാൻ തന്നെയാണ് ചെയ്യുന്നത്. രാവിലെ 10.15ന് വന്നാൽ ജോലിയെല്ലാം കഴിഞ്ഞ് ഉച്ചയ്ക്ക് 12 മണിയോടെ തിരിച്ചുപോകും. ഇന്ന് ഞാൻ 10.45ന് എത്തി അഞ്ച് തവണ കോളിങ് ബെൽ അടിച്ചെങ്കിലും വാതിൽ തുറന്നില്ല. ഫോണിലേക്ക് വിളിച്ചെങ്കിലും എടുത്തില്ല. തുടർന്ന് ഞാൻ ഭർത്താവിനെ വിളിച്ച് അവരെ വിളിക്കാൻ പറഞ്ഞു. അപ്പോഴും അവര്‍ ഫോൺ എടുത്തില്ല.’‘‘പിന്നീട് താഴത്തെ നിലയിലെ മാലതിയമ്മയെ വിളിച്ച് കാര്യം പറയുകയും എല്ലാവരും ചേർന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു. അവർ കിടപ്പുമുറിയിൽ താഴെ വീണുകിടക്കുകയായിരുന്നു. നെറ്റിയിൽ മുറിവേറ്റിട്ടുണ്ട്. എന്റെ അമ്മയെ പോലെയാണ് അവർ. ഒരു അമ്മ,മകൾ ബന്ധമായിരുന്നു ഞങ്ങൾ തമ്മിൽ. എന്നോട് കുറേ സംസാരിക്കുമായിരുന്നു. വീട്ടിലേക്ക് ആവശ്യമുള്ള സാധനങ്ങളെല്ലാം ഞാനാണ് വാങ്ങിയിരുന്നത്.’ മലർകൊടി പറഞ്ഞു.