പഴയ രീതിയിലുള്ള സിനിമകൾ ഇനി ചെയ്യുന്നത് കൊണ്ട് ഒരു കാര്യവുമില്ലെന്നും സിനിമാ പ്രേക്ഷകർ ഒരുപാട് മാറിയെന്നും ഹിറ്റ് സംവിധായകൻ ലോകേഷ് കനകരാജ്. മാനഗരം , കൈതി ,മാസ്റ്റർ ,വിക്രം തുടങ്ങിയ വ്യതസ്തമായ ഹിറ്റ് സിനിമകൾ സമ്മാനിച്ച സംവിധായകനാണ് ലോകേഷ് കനകരാജ്.മാറിയ സിനിമാ രീതികളേയും മാറ്റങ്ങൾ ഉൾകൊള്ളുന്ന പ്രേക്ഷകരേയും മനസ്സിലാക്കിയേ സിനിമകൾ ചെയ്യാവൂ എന്നാണ് ലോകേഷ് കനകരാജ് പറയുന്നത്.
സോഷ്യൽ മീഡിയകളിലൂടെയും ഓ ടി ടി പ്ലാറ്റ് ഫോമിലൂടെയുമൊക്കെ സിനിമകൾ സുലഭമായി ലഭിക്കുന്നതിനാൽ ഓരോ സിനിമയുടെയും ചെറിയ ചെറിയ പോരായ്മകൾ പോലും പ്രേക്ഷകന് എളുപ്പം മനസ്സിലാക്കുമെന്നും അവ ചൂണ്ടി കാണിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. പത്തു വർഷം മുൻപ് ഹിറ്റായ സിനിമകളുടെ കഥയുമായി വന്നാൽ അത് ഒരിക്കലും വിജയിക്കില്ല. കാണാൻ ആളുണ്ടാവില്ല, കാരണം പ്രേക്ഷകൻ ഇന്നൊരുപാട് മാറി. ഓ ടി ടി പ്ലാറ്റ് ഫോമുകൾ കൂടി വന്നപ്പോൾ ധാരാളം സിനിമകൾ കാണാനുള്ള അവസരം അവർക്കു കിട്ടിത്തുടങ്ങി.അതുകൊണ്ടു തന്നെ നമ്മൾ ഒരുപാട് കഷ്ട്ടപ്പെടണം.
വ്യത്യസ്തങ്ങളായ സിനിമകളാണ് ഓരോ നടന്മാരിൽനിന്നും ജനം പ്രതീക്ഷിക്കുന്നത്.പലപ്പോഴും താരങ്ങളും അതിനുവേണ്ടി ശ്രമിക്കാറുണ്ട്.എന്റെ ആദ്യ സിനിമയിൽ താരങ്ങളൊന്നുമില്ലായിരുന്നു. പക്ഷെ ഞാനെടുത്ത ചാലഞ്ച് നിർമ്മാതാവ് തിരിച്ചറിഞ്ഞതു കൊണ്ടാണ് അത് സംഭവിച്ചത്.നായികയും പാട്ടുമൊന്നുമില്ലാതെ എങ്ങിനെയാണ് വലിയൊരു സിനിമ സാദ്ധ്യമാകുക എന്ന ചോദ്യത്തിന് ഉത്തരമാണ് കൈതി.
ഇത്രയും നാളും തുടർന്ന രീതികളിൽ നിന്ന് മാറി സഞ്ചരിച്ചു് പുതിയ സിനിമകൾ ചെയ്യാനാണ് ഒരോ നടന്മാരും വരുന്നത്.വിജയ് സാറിന്റെ കാര്യത്തിലും അത് തന്നെയാണ് സംഭവിച്ചത്.അദ്ദേഹം അത്രയും നാൾ ചെയ്ത സിനിമകളിൽ നിന്ന് വ്യത്യസ്‍തമായി മദ്യപിച്ചു നടക്കുന്ന ഒരാളായി അഭിനയിക്കാമെന്ന ആഗ്രഹത്തോടെയാണ് മാസ്റ്ററിലേയ്ക്ക് വന്നത്.വിജയ് സേതുപതിയാണെങ്കിലും അങ്ങനെ തന്നെയാണ് ലോകേഷ് കനകരാജ് പറഞ്ഞു.