വൈദ്യുതി ബന്ധങ്ങൾ തകർന്നതും കാറ്റും മഴയും രക്ഷാപ്രവർത്തനത്തെ ബാധിക്കുന്നു,മരണം 8000 കടന്നു

ഇസ്താംബൂൾ: രാജ്യം കണ്ട ഏറ്റവും വലിയ ഭൂകമ്പമാണ് തുർക്കിയിൽ സംഭവിച്ചിരിക്കുന്നത്. തകർന്ന കെട്ടിടങ്ങൾക്കിടയിൽ നിന്ന് സഹായം തേടിയുള്ള നിലവിളികൾ ഉയരുന്നതും ഉറ്റവരെ നഷ്ടപ്പെട്ടവരുടെ സങ്കടങ്ങളും ഒക്കെയായി ദുരന്ത ഭൂമി പൊള്ളുന്ന കാഴ്ചയായി മാറി.ഇതുവരെ മരിച്ചവരുടെ എണ്ണം 8000 കടന്നതായാണ് റിപ്പോർട്ട്. മരണസംഖ്യ ഇനിയും ഉയർന്നേക്കും.കനത്ത മഞ്ഞും മഴയും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായിട്ടുണ്ടെങ്കിലും രക്ഷപ്രവർത്തനം തുടരുകയാണ്.

സിറിയയിൽ സർക്കാർ അധീനതയിലുള്ള അലപ്പോ, ലതാകിയ, ഹമ, ഇദ്‌ലിബ്, ടാർട്ടൗസ് എന്നീ പ്രവിശ്യകളിലായി 1000 ലധികം പേർ മരിച്ചതായാണ് റിപ്പോർട്ട്. സിറിയയുടെ പ്രതിപക്ഷ നിയന്ത്രണത്തിലുള്ള വടക്കുപടിഞ്ഞാറൻ മേഖലയിൽ 1,120 പേർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുണ്ട്.തുർക്കി പ്രസിഡന്റ് എർദോഗൻ 10 തുർക്കി പ്രവിശ്യകളെ ദുരന്ത മേഖലയായി പ്രഖ്യാപിക്കുകയും മൂന്ന് മാസത്തേക്ക് അടിയന്തരാവസ്ഥ ഏർപ്പെടുത്തുകയും ചെയ്തു.

കെട്ടിടങ്ങൾക്ക് അകത്ത് കുടുങ്ങിയവർ സഹായത്തിനായി ശബ്ദ സന്ദേശങ്ങളും മറ്റും അയയ്ക്കുന്നുണ്ട്. രക്ഷാപ്രവർത്തകർക്ക് ഇപ്പോഴും പല ഇടങ്ങളിലും എത്താൻ സാധിച്ചിട്ടില്ല. വെല്ലുവിളിയായി നിൽക്കുന്ന കാലാവസ്ഥ റോഡും വൈദ്യുതി ബന്ധങ്ങൾ തകർന്നതുമാണ് രക്ഷാപ്രവർത്തനത്തിന് പ്രധാന തടസമാകുന്നത്. 50000 ടെന്റുകളും ഒരു ലക്ഷം കിടക്കകളും ദുരന്ത മേഖലയിൽ ഒരുക്കിയതായി തുർക്കി അറിയിച്ചു. തുടർ പ്രകമ്പന സാധ്യതയുള്ള മേഖലകൾ കണ്ടെത്താൻ മറ്റ് രാജ്യങ്ങളുടെ അടക്കം സാറ്റ്ലൈറ്റ് നിരീക്ഷണ റിപ്പോർട്ടുകൾ കൈമാറുമെന്ന് യൂറോപ്യൻ യൂണിയൻ അറിയിച്ചു.